കൊല്ലം ഇരവിപുരം നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി ആര്‍എസ്പിയില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് ആര്‍.എസ്. പി. ഇരവിപുരം മണ്ഡലം സെക്രട്ടറി എന്‍ നൗഷാദ് പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചു. എന്‍കെ പ്രേമചന്ദ്രന്‍ എംപിയുടെ താല്‍പര്യ പ്രകാരം സമവായ സ്ഥാനാര്‍ത്ഥി ഉണ്ടായതാണ് നൗഷാദിനെ ചൊടിപ്പിച്ചത്. എന്‍കെ പ്രേമചന്ദ്രന്റെ മകന്റെ പേരില്‍ ഇരവിപുരം മണ്ഡലത്തിലെ സീറ്റിലുണ്ടായ ആര്‍എസ്പിയിലെ ആഭ്യന്തരകലഹമാണ് പൊട്ടിത്തെറിയിലെത്തിയത്.
സ്വന്തം മകന് സീറ്റ് നല്‍കണമെന്ന പ്രേമചന്ദ്രന്റെ ദുര്‍വാശിയാണ് പാര്‍ട്ടിയുടെ വിജയസാധ്യത ഇല്ലാതാക്കാന്‍ കാരണമായതെന്നും, ആര്‍എസ്പി എന്നത് ‘റെവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി’ എന്നാണെന്നും അല്ലാതെ ‘റെവല്യൂഷണറി സോഷ്യലിസ്റ്റ് പ്രേമചന്ദ്രന്‍ പാര്‍ട്ടി’ എന്നല്ലെന്നും രാജിവെച്ച നൗഷാദ് പ്രതികരിച്ചു. വിജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ തഴഞ്ഞ് എന്‍.കെ പ്രേമചന്ദ്രന്‍ എംപിയുടെ താല്‍പ്പര്യപ്രകാരം ഒരു സമവായ സ്ഥാനാര്‍ഥിയെ നിശ്ചയിച്ചതിനാലാണ് രാജി വെക്കുന്നതെന്നും നൗഷാദ് തുറന്നടിച്ചു. പാര്‍ട്ടിയുടെ ഐക്യം നിലനിര്‍ത്താന്‍ എന്ന പേരില്‍ പ്രേമചന്ദ്രന്‍ തന്റെ താല്‍പ്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും ഇതില്‍ പ്രതിഷേധിച്ച് തദ്ദേശ പ്രതിനിധികളും മുന്‍ കൗണ്‍സിലര്‍മാരും ഉള്‍പ്പെടെയുള്ള നിരവധി പ്രവര്‍ത്തകര്‍ വരും ദിവസങ്ങളില്‍ പാര്‍ട്ടി വിടുമെന്നും നൗഷാദ് മുന്നറിയിപ്പ് നല്‍കി.
നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേ, ഇരവിപുരത്തെ സ്ഥാനാര്‍ഥി നിര്‍ണയം ആര്‍എസ്പിക്ക് ഏറെ പ്രധാന്യമുള്ളതാണ്. സ്ഥാനാര്‍ഥി നിര്‍ണയ സമയത്ത് എന്‍. നൗഷാദിന്റെ പേരിന് വലിയ പിന്തുണ ലഭിച്ചിരുന്നു. എന്നാല്‍ മകന്‍ കാര്‍ത്തിക്കിന് അവസരത്തിനായി എന്‍.കെ പ്രേമചന്ദ്രന്‍ വാദമുയര്‍ത്തി. വെള്ളിയാഴ്ച നടന്ന പാര്‍ട്ടി യോഗത്തില്‍ കാര്‍ത്തിക് പ്രേമചന്ദ്രനെ സ്ഥാനാര്‍ഥിയാക്കുന്ന കാര്യം അംഗീകരിക്കാനാകില്ലെന്ന് ഷിബു ബേബി ജോണ്‍ പക്ഷം ഉറച്ച നിലപാട് എടുത്തു. ഇതോടെ ഷിബുപക്ഷം ഉയര്‍ത്തിക്കാട്ടിയ ആളെ സ്ഥാനാര്‍ഥിയാക്കാനാകില്ലെന്ന് പ്രേമചന്ദ്രന്‍പക്ഷവും നിലപാട് സ്വീകരിച്ചു. തര്‍ക്കത്തെത്തുടര്‍ന്ന് സമവായ സ്ഥാനാര്‍ഥിയായി ആര്‍എസ്പി യുവനേതാവ് അഡ്വ. വിഷ്ണുമോഹനെ ആര്‍എസ്പി സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിക്കുകയായിരുന്നു.
Read more
ഇതോടെ പാര്‍ട്ടി തീരുമാനങ്ങള്‍ ഒരു കേന്ദ്രത്തിലേക്ക് മാത്രമായി ചുരുങ്ങുകയാണെന്നും മുന്നണി മാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രേമചന്ദ്രന്റെ വ്യക്തിപരമായ ലാഭത്തിന് വേണ്ടിയായിരുന്നുവെന്ന വിമര്‍ശനമാണ് നൗഷാദ് ഉന്നയിക്കുന്നത്. കാര്‍ത്തിക് പ്രേമചന്ദ്രന്‍ സ്ഥാനാര്‍ഥിയാകില്ലെന്ന് നേരത്തെ സംസ്ഥാന സെക്രട്ടറി എ.എ അസീസ് വ്യക്തമാക്കിയിരുന്നെങ്കിലും പിന്നീട് നടന്ന ജില്ലാ-സംസ്ഥാന കമ്മിറ്റി യോഗങ്ങള്‍ വെറും പ്രഹസനമായി മാറിയെന്നും എന്‍. നൗഷാദ് പറഞ്ഞു. 2001 മുതല്‍ 2016 വരെ എഎ അസീസായിരുന്നു ആര്‍എസ്പിയ്ക്ക് വേണ്ടി ഇരവിപുരം നിലനിര്‍ത്തിയത്. എന്നാല്‍ 2016ലും 21ലും നടന്ന തിരഞ്ഞെടുപ്പില്‍ സിപിഐ മണ്ഡലം പിടിച്ചു. എം നൗഷാദാണ് നിലവിലെ എംഎല്‍എ.







