കോവിഡ് വ്യാപനം; കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം ശക്തി പ്രാപിച്ചതോടെ കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ജില്ലാ കലക്ടറാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം അറിയിച്ചത്. നിയന്ത്രണങ്ങളുടെ ആദ്യ ഘട്ടമെന്ന നിലക്ക് ബീച്ച്, ഡാം തുടങ്ങിയ വിനോദ സഞ്ചാര മേഖലകളിലേക്ക് വൈകിട്ട് 5 മണി മുതല്‍ പ്രവേശനം അനുവദിക്കുന്നതല്ല. കണ്ടയിന്‍മെന്‍റ് സോണുകളില്‍ ഒരു വിധത്തിലുമുള്ള ഒത്തു ചേരലുകളും അനുവദിക്കില്ല.

ഞായറാഴ്ച 1243 പേർക്കാണ് കോഴിക്കോട് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. 16 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇത് സംസ്ഥാന നിരക്കിനേക്കാൾ കൂടുതലാണ്. 18 ഹോട്സ്പോട്ടുകളാണ് ജില്ലയിൽ നിലവിലുള്ളത്.

6643 പേര്‍ നിലവില്‍ ജില്ലയില്‍ കോവിഡ് ചികിത്സയിലാണ്. 127184 പേരാണ് ആകെ ജില്ലയില്‍ കോവിഡ് മുക്തരായത്. ഇതു വരെ 529 പേര്‍ കോഴിക്കോട് ജില്ലയില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്. കോഴിക്കോട് കോര്‍പ്പറേഷന്‍, കൊയിലാണ്ടി, മേപ്പയ്യൂര്‍ എന്നിവയാണ് പുതിയ കോവിഡ് ക്ലസ്റ്ററുകളായി ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.