റിസോര്‍ട്ട് വിവാദം സി.പി.എമ്മില്‍, അതിന്റെ പേരില്‍ അടി മൂത്തത് മുസ്‌ളിം ലീഗില്‍, പി.കെ കുഞ്ഞാലിക്കുട്ടിയുടെ സി.പി.എം പ്രണയത്തിന് എതിരെ ലീഗില്‍ പൊട്ടിത്തെറി

റിസോര്‍്ട്ട് വിവാദം തുടങ്ങിയത് സി പി എമ്മിലാണെങ്കിലും അതിന്റെ പേരില്‍ അടി മൂത്തത് മുസ്‌ളീം ലീഗിലാണ്. ഇ പി ജയരാജനെതിരായി സ്വന്തം പാര്‍ട്ടിയില്‍ നിന്നുയര്‍ന്ന് വന്ന അഴിമതിയാരോപണങ്ങള്‍ സി പി എമ്മിന്റെ ആഭ്യന്തര കാര്യം മാത്രമാണെന്നും അതില്‍ മറ്റു പാര്‍ട്ടികള്‍ ഇടപെടേണ്ടെന്നുമുള്ള മുസ്‌ളീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന യു ഡി എഫിലും മുസ്‌ളീം ലീഗിലും ഒരേ സമയം ഞെട്ടലുണ്ടാക്കിയിരുന്നു. ഞെട്ടല്‍ പുറത്തറിയാതിരിക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിക്കും സി പി എം നേതൃത്വത്തിനുമെതിരെ രംഗത്ത് വന്നെങ്കിലും മുസ്‌ളീം ലീഗ് അപ്പോഴും മൗനമായിരുന്നു.

പി കെ കുഞ്ഞാലിക്കുട്ടിയുടെ സി പി എം പ്രണയം ലീഗിന് രാഷ്ട്രീയമായി തിരിച്ചടിയമാകുമെന്ന് മനസിലാക്കിയ കുഞ്ഞാലിക്കുട്ടി വിരുദ്ധര്‍ ഇ പി ജയരാജനെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്നുയര്‍ന്ന അഴിമതിയാരോപണങ്ങള്‍ക്കെതിരെ ശക്തമായ നിലാപാടുമായി ഇന്ന് രംഗത്ത് വരികയായിരുന്നു. കെ പി എ മജീദും, കെ എം ഷാജിയും ഇ പി ജയരാജനെതിരെ ശക്തമായ അന്വേഷണം വേണമെന്നും കൊടിയ അഴിമതിയാണ് നടന്നിരിക്കുന്നതെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് മാധ്യമ പ്രവര്‍ത്തകരെ കണ്ട പി കെ കുഞ്ഞാലിക്കുട്ടിയാകട്ടെ ഇ പി ജയരാജനെയോ പിണറായി വിജയനയോ നേരിട്ടാക്രമിക്കാതെ സര്‍ക്കാരിന്റെ പൊതുവായ നടപടികളെ വിമര്‍ശിക്കുകയായിരുന്നു.

പി കെ കുഞ്ഞാലിക്കുട്ടിയുടെ സി പി എം അനുകൂല നിലപാടുകള്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി മുസ്‌ളീം ലീഗില്‍ കനത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. സി പി എം വിരുദ്ധരായ കെ പി എ മജീദും, കെ എം ഷാജിയും എം കെ മുനീറുമെല്ലാം അതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ ശക്തമായി പടപൊരുതിക്കൊണ്ടിരിക്കുകയുമായിരുന്നു. ഒരു ഘട്ടത്തില്‍ മുസ്‌ളീം ലീഗ് വര്‍ഗീയ സംഘടനയല്ലന്ന നിലപാട് സി പി എം ഔദ്യോഗികമായി കൈക്കൊള്ളുകയും ചെയ്തിരുന്നു. ഇടതുമുന്നണിയിലേക്കുള്ള ലീഗ് പ്രവേശനത്തിനുള്ള പച്ചക്കൊടിയായി ഈ നിലപാടിനെ പലരും വ്യാഖ്യാനിക്കുകയും ചെയ്തു.

ഇ പി ജയരാജനുമായും പിണറായി വിജയനുമായും വ്യക്തിപരമായി വളരെ അടപ്പമുള്ള നേതാവാണ് പി കെ കുഞ്ഞാലിക്കുട്ടി. അത് കൊണ്ട് തന്നെ ഇവരെ ബുദ്ധിമുട്ടിലാക്കുന്ന ഒരു രാഷ്ട്രീയ നിലപാടും കുഞ്ഞാലിക്കുട്ടി കൈക്കൊള്ളില്ലന്നും ലീഗിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ക്ക് നല്ല നിശ്ചയമാണ്. എന്നാല്‍ ഈ നിലപാട് രണ്ട് പാര്‍ട്ടിയുടെയും രാഷ്ട്രീയ അസ്തിത്വത്തിന് തന്നെ ഭീഷണിയായി മാറുകയാണെന്ന തിരിച്ചറിവാണ് ഇപ്പോള്‍ വി ഡിസതീശന്‍ മുതല്‍ കെ എം ഷാജിവരെയുള്ളവര്‍ ഇ പി ജയരാജനെതിരായ ആരോപണത്തില്‍ സടകുടഞ്ഞെഴുന്നേല്‍ക്കാന്‍ കാരണം.

പ്രതിപക്ഷത്ത് നിന്നും ഈ വിഷയത്തില്‍ ശക്തമായ ആക്രമണമുയര്‍ന്നാല്‍ സി പി എമ്മിനെ സംബന്ധിച്ചിടത്തോളം അതിനെ പ്രതിരോധിക്കുക അത്ര എളുപ്പമല്ല. കാരണം ഇ പി ജയരാജന്‍ സംസ്ഥാന വ്യവസായ മന്ത്രിയായിരുന്നയാളും, ഇപ്പോള്‍ ഇടതുമുന്നിയുടെ കണ്‍വീനറുമാണ്, പാര്‍ട്ടിയുടെ ഒരു നേതാവ് തന്നെയാണ് അദ്ദേഹത്തിനെതിരെ അതിശക്തമായ അഴിമതിയാരോപണങ്ങള്‍ ഉയര്‍ത്തുന്നത്. ഇത് കയറിപ്പിടിച്ചില്ലങ്കില്‍ പ്രതിപക്ഷത്തിന് രാഷ്ട്രീയ തിരിച്ചടിയാകും. അത്് കൊണ്ട് അവര്‍ ശക്തിയായി ഈ വിഷയം ജനമധ്യത്തില്‍ ഉയര്‍ത്തും. റിസോര്‍ട്ട് അഴിമതിയാരോപണം സി പി എമ്മിന്റെ ആഭ്യന്തര വിഷയം മാത്രമാണന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ നിലപാട് ശരിക്കും സി പി എമ്മിനെ സന്തോഷിപ്പിച്ചിരുന്നു. അത് മനസിലാക്കിയ കോണ്‍ഗ്രസ് നേതൃത്വവും മുസ്‌ളീം ലീഗിലെ കുഞ്ഞാലിക്കുട്ടി വിരുദ്ധരും പി ജയരാജന്‍ ഉയര്‍ത്തിയ അഴിമതിയാരോപണങ്ങള്‍ക്കെതിരെ അതി ശക്തമായ രാഷ്ട്രീയ നിലപാട് കൈക്കൊളളുകയായിരുന്നു.

അതിന്റെ ഭാഗമായാണ് ് ജയരാജനെതിരെ കോടതിയെ സമീപിക്കുമെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ ഇന്ന് വെളിപ്പെടുത്തിയത്. അതേ സമയം ലീഗില്‍ തനിക്കെതിരെ നടക്കുന്ന നീക്കങ്ങളില്‍ പി കെ കുഞ്ഞാലിക്കുട്ടി വളരെ അസ്വസ്ഥനുമാണ്. പി കെ കുഞ്ഞാലിക്കുട്ടിയുടെയും കുഞ്ഞാലിക്കുട്ടി വിരുദ്ധരുടെയും ഇടയില്‍ കിടന്ന് ലീഗിനെ നയിക്കുന്ന പാണക്കാട് തങ്ങള്‍ കുടുബം നക്ഷത്രമെണ്ണുകയുമാണ്.