രേഷ്മയ്‌ക്കെതിരെ ചുമത്തിയത് കള്ളക്കേസ്, വീട് നല്‍കുമ്പോള്‍ നിജില്‍ ദാസ് പ്രതിയല്ലെന്ന് അഭിഭാഷകന്‍

പുന്നോല്‍ ഹരിദാസ് വധക്കേസിലെ പ്രതിയ്ക്ക് വീട് വാടകയ്ക്ക് നല്‍കിയതുമായി ബന്ധപ്പെട്ട് രേഷ്മയ്‌ക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത് കള്ളക്കേസ് എന്ന് രേഷ്മയുടെ അഭിഭാഷകന്‍ പി. പ്രേമരാജന്‍. നിജില്‍ദാസ് താമസിച്ച വീട് രേഷ്മയുടെ ഉടമസ്ഥതയില്‍ ഉള്ളതല്ല. വീട് നല്‍കുമ്പോള്‍ നിജില്‍ ദാസ് പ്രതിയല്ലെന്നും, രേഷ്മയ്‌ക്കെതിരെ സൈബര്‍ ആക്രമണം നടന്നിട്ടും പൊലീസ് നടപടിയെടുക്കാന്‍ തയ്യാറാകുന്നില്ലെന്നും ഈഭിഭാഷകന്‍ പറഞ്ഞു.

രേഷ്മയ്‌ക്കെതിരായ സൈബര്‍ ആക്രമണമത്തില്‍ ശക്തമായ നിയമനടപടി സ്വീകരിക്കും. അറസ്റ്റിന് പിന്നില്‍ മറ്റ് നിക്ഷിപ്ത താല്‍പര്യങ്ങളുണ്ട്. പ്രതി താമസിച്ച വീടിന്റെ താക്കോല്‍ രേഷ്മയുടെ കൈയില്‍ ഇല്ല. വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു എന്നത് പൊലീസ് ഉണ്ടാക്കിയ കള്ളക്കേസാണ്. വൈകിട്ട് അറസ്റ്റ് ചെയത രേഷമയെ രാത്രി വൈകിയാണ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. ഇത് മനുഷ്യാവകാശ ലംഘനമാണെന്നും, സ്ത്രീയെന്ന രീതിയില്‍ പരിഗണന പോലും ലഭിച്ചില്ലെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

നിജില്‍ ദാസിനെ രേഷ്മ ഒളിവില്‍ താമസിപ്പിച്ചത് പ്രതിയെന്ന് അറിഞ്ഞുകൊണ്ട് തന്നെയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. പ്രതി നേരിട്ട് ആവശ്യപ്പെട്ടത് പ്രകരമാണ് വീട് നല്‍കിയത്. നിജില്‍ ദാസിനെ ഒരു വര്‍ഷമായി അറിയാമെന്നും, ഇടയ്ക്കിടെ വീട്ടില്‍ വരാറുണ്ടെന്നും രേഷ്മയുടെ മൊഴിയില്‍ ഉള്ളതായി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

പുന്നോല്‍ അമൃത വിദ്യാലയം അധ്യാപികയാണ് രേഷ്മ. ഭര്‍ത്താവ് പ്രവാസിയായ പ്രശാന്താണ്. കഴിഞ്ഞ ദിവസമാണ് പ്രതിയെ പിണറായി പാണ്ട്യാലമുക്കിലെ വീട്ടില്‍ നിന്നും പിടികൂടിയത്. ഇതിന് പിന്നാലെ രേഷ്മയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പല ഇടങ്ങളിലായി ഒളിവില്‍ താമസിച്ചിരുന്ന നിജില്‍ വിഷുവിന് ശേഷമാണ് പ്രശാന്തിന്റെ പേരിലുള്ള പാണ്ട്യാലമുക്കിലെ വീട്ടില്‍ 17ാം തിയതി മുതല്‍ താമസിക്കാന്‍ തുടങ്ങിയത്. കുറച്ച് ദിവസം ഒളിവില്‍ കഴിയാനുള്ള സൗകര്യം ചെയ്ത് തരണമെന്ന് ആവശ്യപ്പെട്ടത് പ്രകാരമാണ് രേഷ്മ വീട് നല്‍കിയത്.

രേഷ്മയുടെ പങ്ക് സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. രേഷ്മയെ വിശദമായി ചോദ്യം ചെയ്യണമെന്ന് തലശേരി കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.

രേഷ്മയ്ക്ക് ഇന്നലെ തലശേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. പിണറായി, ന്യൂമാഹി സ്റ്റേഷന്‍ പരിധിയില്‍ രണ്ടാഴ്ച പ്രവേശിക്കരുത്, കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതു വരെ രണ്ടാഴ്ച കൂടുമ്പോള്‍ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം. 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് രേഷ്മയ്ക്ക് ജാമ്യം നല്‍കിയത്.