പുനഃസംഘടന ഓണത്തിന് ശേഷം?; കെ.കെ ശൈലജയെ വെട്ടാന്‍ നീക്കം, സാദ്ധ്യത പട്ടികയില്‍ മുന്നിലുള്ളത് മൂന്ന് പേര്‍

മന്ത്രിസഭാ പുന:സംഘടന ഓണത്തിന് ശേഷമാകുമെന്ന് സൂചന. നിയമസഭാ സമ്മേളനം നടക്കുമ്പോള്‍ ഗോവിന്ദന്‍ മാഷ് മന്ത്രി സ്ഥാനം രാജിവക്കേണ്ടതില്ലന്നാണ് പാര്‍ട്ടി എടുത്തിരിക്കുന്ന തിരുമാനം. സാധ്യതാ പട്ടികയില്‍ പ്രധാനമായും മൂന്ന് പേരാണ് മുന്നിലുള്ളത്.

കെ.കെ ശൈലജയെ വെട്ടി മന്ത്രി സ്ഥാനത്തേക്ക് കണ്ണൂരില്‍ നിന്ന് എ.എന്‍ ഷംസീറിനെ എത്തിക്കാനാണ് നീക്കം. ഷംസീറിന് പുറമേ പി.പി ചിത്തരഞ്ജന്‍, എം.ബി രാജേഷ് എന്നിവരാണ് മുന്‍തൂക്കം കല്‍പിക്കപ്പെടുന്ന മറ്റ് രണ്ട് പേര്‍.

ആദ്യ പിണറായി സര്‍ക്കാരിലെ ആരും രണ്ടാം പിണറായി സര്‍ക്കാരില്‍ വേണ്ട എന്ന പാര്‍ട്ടിയെടുത്ത തിരുമാനം മാറ്റേണ്ട എന്നാണ് നിലവിലെ തിരുമാനം. പിണറായി വിജയന് മാത്രമാണ് ഇക്കാര്യത്തില്‍ സംസ്ഥാന സെക്രട്ടറിയേററും സംസ്ഥാന കമ്മിറ്റിയും ഇളവ് നല്‍കിയത്. ഇക്കാര്യത്തില്‍ മാറ്റമൊന്നും വരുത്തേണ്ടെന്നാണ് പാര്‍ട്ടി നിലപാട്. അങ്ങനെ വരുമ്പോള്‍ കെ കെ ശൈലജക്ക് പകരം ഷംസീര്‍ മന്ത്രിയാകുമെന്നറിയുന്നു.

ആലപ്പുഴയില്‍ നിന്ന് സജി ചെറിയാന് പകരം പി പി ചിത്തിരജ്ഞന്റെ പേരാണ് മന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നത്. മലപ്പുറത്ത് പി നന്ദകുമാറും മന്ത്രി സ്ഥാനത്തേക്ക് വരാന്‍ സാധ്യതയുണ്ട്. സ്പീക്കര്‍ എം.ബി രാജേഷും മന്ത്രിയാകും.

നിയമസഭാ സമ്മേളനം അവസാനിക്കുന്നതിന് പിന്നാലെ എം.വി.ഗോവിന്ദന്‍ മന്ത്രി രാജിവയ്ക്കുന്നതോടെ മുഖ്യമന്ത്രിയടക്കം 19 മന്ത്രിമാരാകും അവശേഷിക്കുന്നത്. ഭരണഘടനയെ അവഹേളിച്ചതിനെ തുടര്‍ന്ന് രാജിവച്ച സജി ചെറിയാന്റെ ഒഴിവ് ഉള്‍പ്പടെയാണിത്.