ചുമതല കൈമാറാന്‍ രേണു രാജ് ഇല്ല, യാത്രയയപ്പിന് നില്‍ക്കാതെ ഇന്നലെ തന്നെ ചുമതല ഒഴിഞ്ഞു

എറണാകുളം ജില്ലാ പുതിയ കളക്ടറായി എത്തുന്ന എന്‍ എസ് കെ ഉമേഷിന് ചുമതല കൈമാറാന്‍  നില്‍ക്കാതെ മുന്‍ കളക്ടര്‍ രേണു രാജ്. യാത്ര അയപ്പിന് നില്‍ക്കാതെ രേണു രാജ് ഇന്നലെ തന്നെ ചുമതല ഒഴിഞ്ഞു. ചുമതല കൈമാറാന്‍ എത്തുമെന്ന് അറിയിച്ചെങ്കിലും വരുന്നില്ലെന്ന് ജീവനക്കാരെ രാവിലെ അറിയിക്കുകയായിരുന്നു.

എറണാകുളം ജില്ലാപുതിയ കളക്ടറായി എന്‍എസ്‌കെ ഉമേഷ് ഉടന്‍ ചുമതലയേറ്റെടുത്തു. രാവിലെ കാക്കനാട് കളക്ടേറ്റിലെത്തിയാണ് ഉമേഷ് ചുമതലയേറ്റെടുത്തത്. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായിരുന്നു എന്‍എസ്‌കെ ഉമേഷ്.

രേണുരാജിനെ വയനാട്ടിലേക്കാണ് സ്ഥലംമാറ്റിയത്. ബ്രഹ്ണപുരം വിഷയത്തില്‍ കളക്ടറുടെ നിലപാടിനെ ഇന്നലെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇന്ന് കേസ് പരിഗണിക്കുമ്പോള്‍ നേരിട്ട് എത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നു രാവിലെ സര്‍ക്കാര്‍ സ്ഥലംമാറ്റ ഉത്തരവ് ഇറക്കിയത്.

ബ്രഹ്‌മപുരം തീപിടിത്തത്തില്‍ ഇന്നലെ ഹൈക്കോടതി നിലപാട് കടുപ്പിച്ചിരുന്നു. ബ്രഹ്‌മപുരത്തെ അഗ്നിബാധ മനുഷ്യ നിര്‍മ്മിതമാണേയെന്ന് ആരാഞ്ഞ ഹൈക്കോടതി, ജില്ല കലക്ടര്‍, കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ എന്നിവര്‍ ഇന്നു കോടതിയില്‍ നേരിട്ട് ഹാജരായി റിപ്പോര്‍ട്ട് നല്‍കണമെന്ന് ഉത്തരവിട്ടു. കൃത്യമായ മറുപടിയില്ലെങ്കില്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കിയിലരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലംമാറ്റം എന്നുള്ളതും ശ്രദ്ധേയമാണ്.