'2001ൽ തെന്നലയെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയത് എന്റെ രാഷ്ട്രീയ ജീവിതത്തിലെ ട്രാജഡികളിലൊന്ന്'; എ കെ ആന്റണി

അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെപിസിസി അധ്യക്ഷനുമായിരുന്ന
തെന്നല ബാലകൃഷ്‌ണപിള്ളയുടെ മരണത്തിൽ അനുശോചനമറിയിച്ച് എ കെ ആന്റണി. 2001 ൽ തെന്നലയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയത് തൻ്റെ രാഷ്ട്രീയ ജീവിതത്തിലെ ട്രാജഡികളിലൊന്നാണെന്ന് എ കെ ആന്റണി പറഞ്ഞു. മുൻ ധാരണ പ്രകാരമാണ് മാറ്റിയതെന്നും കൂടുതൽ വിവാദങ്ങൾക്കില്ലെന്നും എ കെ ആൻ്റണി കൂട്ടിച്ചേർത്തു.

തെന്നല രാഷ്ട്രീയത്തിലെ തൻ്റെ ജ്യേഷ്‌ഠ സഹോദരനായിരുന്നു എന്നും എ കെ ആന്റണി പറഞ്ഞു. എല്ലാ രാഷ്ട്രീയ, സാമുദായിക നേതാക്കളും ഒരുപോലെ ബഹുമാനിച്ച നേതാവായിരുന്നുവെന്നും കോൺഗ്രസിലെ അവസാനവാക്കായിരുന്നുവെന്നും ആന്റണി പറഞ്ഞു. അതേസമയം നഷ്‌ടപ്പെട്ടത് തറവാട്ടിലെ കാരണവരെയെന്നാണ് തെന്നലയുടെ മരണത്തിൽ അനുശോചിച്ച് വിഡി സതീശൻ പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിയെ മുന്നിൽ നിന്ന് നയിച്ചത് തെന്നലയായിരുന്നുവെന്നും സതീശൻ പറഞ്ഞു.

അതേസമയം സത്യസന്ധനായ നേതാവാണ് തെന്നലയെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. അധികാരം ഒരിക്കലും അദ്ദേഹത്തെ ഭ്രമിപ്പിച്ചിട്ടില്ല, അദ്ദേഹത്തെ തേടിയെത്തുകയായിരുന്നു അധികാരമെന്നും ചെന്നിത്തല പറഞ്ഞു. കോൺഗ്രസിന് തീരാ നഷ്ട‌മെന്ന് കെ മുരളീധരൻ പ്രതികരിച്ചു. പാർട്ടി തീരുമാനങ്ങൾ ഒരു വിസമ്മതവും കൂടാതെ അനുസരിച്ച നേതാവാണെന്നും പാർട്ടിക്ക് കനത്ത ആഘാതമാണെന്നുമായിരുന്നു മുരളീധരന്റെ പ്രതികരണം.