ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കല്‍: ബില്‍ തയ്യാറാക്കാന്‍ വകുപ്പുകള്‍ക്ക് മന്ത്രിസഭ നിര്‍ദേശം

ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍നിന്ന് മാറ്റുന്ന ബില്‍ തയ്യാറാക്കാന്‍ ഉന്നത വിദ്യാഭ്യാസ, നിയമ, ധനകാര്യവകുപ്പുകള്‍ക്ക് മന്ത്രിസഭ നിര്‍ദേശം നല്‍കി. പുതിയ ചാന്‍സലര്‍മാരെ നിയമിക്കുമ്പോള്‍ അധിക സാമ്പത്തികബാധ്യത വരാതെയുള്ള ക്രമീകരണം ഉണ്ടാക്കും. അധിക സാമ്പത്തികബാദ്ധ്യത ഉണ്ടെങ്കില്‍ ബില്‍ സഭയില്‍ കൊണ്ടുവരും മുന്‍പ് ഗവര്‍ണറുടെ അനുമതി വാങ്ങേണ്ടതായുണ്ട്. ഇത് ഒഴിവാക്കുകയാണ് ലക്ഷ്യം.

ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സിലര്‍ സ്ഥാനത്തു നിന്നു നീക്കാനുള്ള ബില്‍ പാസാക്കാന്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേരും. അടുത്തമാസം അഞ്ചു മുതല്‍ നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാന്‍ സമ്മേളനം ജനുവരിയിലേക്ക് നീട്ടും.

14 സര്‍വകലാശാലകളുടേയും ചാന്‍സിലര്‍ പദവിയില്‍ നിന്ന് തന്നെ ഒഴിവാക്കിയുള്ള ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കുമെന്ന ഗവര്‍ണറുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. അടുത്ത മാസം അഞ്ചുമുതല്‍ നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും.

Read more

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് അടുത്തമാസം ആരംഭിച്ച് താല്‍ക്കാലികമായി പിരിയുന്ന സഭ ജനുവരിയില്‍ പുനരാരംഭിക്കുന്നത്. സമ്പൂര്‍ണ ബജറ്റ് അവതരിപ്പിച്ച ശേഷമായിരിക്കും പിരിയുക.