മലയാളികളുടെ സാമൂഹികതയെ കാൽപ്പനിക മാർക്സിസത്തിൽ നിന്ന് മാറി ചിന്തിക്കാൻ പഠിപ്പിച്ച ചിന്തകരിൽ ഒരാളാണ് കെ.കെ കൊച്ച്. മലയാളിയുടെ സാമൂഹികതയുടെ ഗൃഹാതുരത്വത്തിൽ ഇന്നും മാർക്സിന്റെ ‘പ്രേതം’ ഒളിഞ്ഞിരിപ്പുണ്ട്. സോഷ്യോ പൊളിറ്റിക്കലായ ദളിത് അംബേദ്‌കർ ചിന്തയെയാണ് കൊച്ച് മുന്നോട്ട് വെച്ചത്. തീവ്ര ഇടതുപക്ഷ ചേരിയിൽ നിന്ന് ദളിത് അംബേദ്കറിസ്റ്റ് രാഷ്ട്രീയത്തിലേക്ക് മാറിയ ഒരാൾ കൂടിയാണ് കൊച്ച്. മലയാളികളുടെ ജാതിയെ തിരിച്ചറിയാനും അതിനെ നേരിടാനും മാർക്സിസം പര്യാപ്തമല്ല എന്ന തിരിച്ചറിവിൽ നിന്നാണ് ആധുനികതയുടെ ബൃഹത്ത് ആഖ്യാനങ്ങളിൽ നിന്നും ഉത്തരാധുനികതയുടെ സൂക്ഷ്മരാഷ്ട്രീയത്തിലേക്ക് കൊച്ച് ചുവടു മാറ്റുന്നത്. ഇതിൽ സ്വാധീനിക്കപ്പെട്ട് ഒട്ടനവധി സാമൂഹിക ചിന്തകർ കേരളത്തിൽ ഉണ്ടായി വന്നിട്ടുണ്ട്. കൊച്ചിന്റെ തന്നെ സഹോദരനായ കെ.കെ ബാബുരാജ്, സണ്ണി എം കപ്പിക്കാട് എന്നിവരൊക്കെ അതിൽ ചിലരാണ്.

കെ.കെ ബാബുരാജ്
കേരളത്തിന്റെ ദളിത് അംബേദ്‌കർ ചിന്തകളുടെ ഒരു പ്രധാന ധാര തന്നെ തുടങ്ങുന്നത് കെ കെ കൊച്ചിൽ നിന്നാണ് എന്ന് കാണാം. ഇടതുപക്ഷത്തിൽ നിന്നുള്ള ഒരു പ്രത്യയശാസ്ത്രപരമായ മാറ്റം എന്ന നിലക്കാണ് അദ്ദേഹത്തിന്റെ ‘ഇടതുപക്ഷമില്ലാത്ത കാലം’ നമ്മൾക്ക് വായിക്കാനാവുക. അതിന്റെ തുടർച്ചയിലാണ് ‘ദളിത് പാഠം’ വരുന്നതും. മലയാളികളെ സംബന്ധിച്ചെടുത്തോളം സവിശേഷമായ സൂക്ഷ്മ രാഷ്ട്രീയത്തിന്റെ ഒരു പാത മുന്നോട്ട് വെക്കുകയാണ് കൊച്ച് ചെയ്തത്. കേരളത്തിൽ മൗലികമായ ഒരു ദളിത് ആത്മകഥ വരുന്നതും കെ.കെ കൊച്ചിന്റെതാണ്. ‘ദലിതൻ’ എന്ന കൊച്ചിന്റെ ആത്മകഥ ദളിത് സാഹിത്യത്തിലെ ആത്മകഥ സാഹിത്യത്തിന് നിർണായകമായ സംഭാവനയാണ് നൽകിയത്. കേരളത്തിലെ ജാതി സാമൂഹികത അരികുകളിൽ നിർത്തി എത്തിനോട്ടം മാത്രം നടത്തിയിരുന്ന ദളിത് ജീവിതങ്ങളുണ്ടായിരുന്ന കാലത്ത് കൊച്ച് സ്വയം രൂപപ്പെടുത്തിയെടുത്ത പൊതുവിടത്തിൽ ‘ദളിത് പൊതുവ്യക്തിയായി’ മാറിയ ഒരാളാണ്.
കെ.കെ കൊച്ചിന്റെ ദളിത് ആത്മകഥ മലയാള സാഹിത്യത്തിൽ സവിശേഷമാകുന്നത് ചരിത്രത്തിൽ ഇന്നുവരെ സ്ഥിരീകരിക്കപെട്ടു തുടർന്ന് പോരുന്ന ഏകഭാഷ വ്യവസ്ഥക്ക് അത് പരിക്കേൽപ്പിച്ചു എന്നതാണ്. കേവലം ഭാഷക്ക് മാത്രമല്ല അതുവഴി ഇവിടുത്തെ സാമൂഹിക, രാഷ്ട്രീയ, സാമുദായിക ചിന്തകൾക്കും അടിസ്ഥാനപരമായ വ്യവസ്ഥ മാറ്റമുണ്ടായിട്ടുണ്ട്. ദളിത് സാമൂഹികാവസ്ഥകളെ കുറിച്ച് ആശങ്കപ്പെടുന്നതിനും അതിന് സവർണരെ പഴിക്കുന്നതിനും പകരം ദളിത് രാഷ്ട്രീയത്തെ പുതിയ വിതാനത്തിലേക്ക് തുറവി നൽകുകയാണ് കൊച്ച് ചെയ്തത്. കെ.കെ ബാബുരാജ് എഴുതുന്നു: “സാമ്പ്രദായിക ദലിത് അവബോധത്തിൽനിന്നു കെ.കെ. കൊച്ച് വിട്ടുമാറിയെന്നു നിസ്സംശയം പറയാം. ഇതിലൂടെ ദലിത് വാദം തന്നെ മറ്റൊരു വിതാനത്തിലേക്ക് ഉയരുകയാണുണ്ടായത്. അതായത് സവർണരെയും കമ്യൂണിസ്റ്റുകളെയും പഴിപറയുന്നതിന് പകരം അദ്ദേഹം, അവർ കയ്യാളുന്ന അധികാര വ്യവസ്ഥയെ അപനിർമിച്ചുകൊണ്ടുള്ള പാഠങ്ങളും പ്രക്ഷോഭണങ്ങളും പ്രസ്ഥാനങ്ങളും രൂപപ്പെടുത്തുകയാണു ചെയ്‌തത്. കൂടാതെ കീഴാളരെ പിന്നിലേക്കു വലിക്കുന്ന ‘പട്ടിണിപ്പാവങ്ങൾ’ പോലുള്ള സങ്കല്‌പനങ്ങളോടു വിട പറഞ്ഞു കൊണ്ടു സമകാലീന ചരിത്രത്തിൽ അവരുടെ കർതൃത്വം ഉന്നയിക്കുന്ന സന്ദിഗ്‌ധതകളെക്കുറിച്ചു പ്രതിപാദിക്കുകയും സ്വത്ത്, പദവി, അറിവ്, അധികാരം മുതലായ എല്ലാ മേഖലകളിലും സാന്നിധ്യമുണ്ടാകണമെന്ന സന്ദേശവുമാണ് അദ്ദേഹം നൽകിയത്”.

ദളിതൻ – കെ.കെ കൊച്ചിന്റെ ആത്മകഥ
Read more
കേരളത്തിൽ ഇന്ന് കാണുന്ന ദളിത് രാഷ്ട്രീയത്തിന് മൗലികമായി ഒരു ചിന്ത അവതരിപ്പിക്കുകയും അത് സ്വന്തം ജീവിതം കൊണ്ട് പ്രായോഗിക വത്കരിക്കുകയും ചെയ്ത ഒരാളാണ് കൊച്ച്. കൊച്ചിന്റെ സ്വാധീനത്താൽ കേരളത്തിൽ രൂപപ്പെട്ടുവന്ന ഒട്ടനേകം ചിന്തകരിലൂടെ ആ ആശയം മുന്നോട്ട് പോകും എങ്കിലും കൊച്ചിന്റെ വിയോഗത്തോടെ കേരളത്തിന് നഷ്ടമാകുന്നത് മലയാളി സാമൂഹികതക്ക് പുതിയ അടരുകൾ നൽകിയ മഹാചിന്തകനെയാണ്. പിന്നോക്ക ജനവിഭാഗങ്ങളെ സംബന്ധിച്ച് എന്നെന്നും ഇരകളായിരിക്കുക എന്ന ‘ചരിത്രപരമായ’ സ്ഥാനത്തെ അപനിര്മിച്ച് കൊണ്ട് ജീവിതത്തിന്റെ പുതിയ വിതാനങ്ങൾ തുറന്ന് വെച്ച ആൾ എന്ന നിലക്കായിരിക്കും കെ കെ കൊച്ച് കേരളീയ പൊതുമണ്ഡലത്തിൽ അറിയപ്പെടുക. സാധ്യതകളുടെ പുതിയ ആകാശങ്ങളും, വിമര്ശനത്തിന്റെ പുതിയ ഭൂമികകളും അവതരിപ്പിച്ചു കൊണ്ട്, അതിലൂടെ കേരളത്തിലെ ‘കീഴാള’ രാഷ്ട്രീയ ഭാവനയെ വികസിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചു.