സർക്കാരിന് ആശ്വാസം; ഗോപിനാഥ് രവീന്ദ്രന് കണ്ണൂർ വി.സിയായി തുടരാം, ഹർജി തള്ളി ഹൈക്കോടതി

കണ്ണൂർ വിസി പുനർനിയമനം ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി. ഇതോടെ സർവകലാശാല വൈസ് ചാൻസലറായി പ്രൊഫസർ ഗോപിനാഥ് രവീന്ദ്രന് തുടരാം.വിസിയുടെ പുനർനിയമനത്തിന് എതിരായി സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി സിംഗിൾ ബെഞ്ചാണ് തള്ളിയത്. ജസ്റ്റിസ് അമിത് റാവലിന്റേതാണ് ഉത്തരവ്. കണ്ണൂർ വിസിയുടെ പുനർനിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി.

അതേ സമയം പോരാട്ടം അവസാനിപ്പിക്കില്ലെന്നും നാളെ തന്നെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുമെന്നും ഹരജിക്കാർ പറഞ്ഞു. വലിയ വിവാദമായ കണ്ണൂർ വിസി പുനർനിയമനത്തിൽ സർക്കാരിന് താത്കാലിക ആശ്വാസമാണിത്. ഹർജി ഫയലിൽപ്പോലും സ്വീകരിക്കാതെയാണ് ഹൈക്കോടതി തള്ളിയിരിക്കുന്നത്.

.കഴിഞ്ഞ ദിവസങ്ങളിൽ ഇതിന്റെ വാദം വിശദമായി തന്നെ കോടതിയിൽ നടന്നിരുന്നു. ഹരജിക്കാരന്റെയും സർക്കാരിന്റെയും വാദം കോടതി കേട്ടിരുന്നു. കൃത്യമായ നടപടി ക്രമങ്ങളിലൂടെയായിരുന്നു നിയമനം നടന്നത് എന്നായിരുന്നു സർക്കാർ കോടതിയിൽ വാദിച്ചത്. ഗവർണർ അറിഞ്ഞ് നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് നിയമനം നടത്തിയിരിക്കുന്നത് എന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുമ്പോൾ കോടതി ചൂണ്ടിക്കാട്ടിയിരുന്നു.