വയനാടിന്റെ പുനഃരുദ്ധാരണ പ്രവര്‍ത്തനം; സാലറി ചലഞ്ചിന് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി; ഉത്തരവ് ഉടന്‍ പുറത്തിറങ്ങും

ചൂരല്‍മലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വയനാടിന്റെ പുനഃരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സാലറി ചലഞ്ചുമായി സംസ്ഥാന സര്‍ക്കാര്‍. സര്‍വീസ് സംഘടനകളുടെ യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. ദുരന്ത ബാധിതരുടെ പുനഃരധിവാസത്തിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പത്ത് ദിവസത്തെ ശമ്പളം നല്‍കാനാണ് മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന.

ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സാലറി ചലഞ്ച് അടിച്ചേല്‍പ്പിക്കരുതെന്ന് സംഘടന നേതാക്കള്‍ അഭിപ്രായപ്പെട്ടു. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനായി ആയിരം കോടിയെങ്കിലും വേണ്ടിവരുമെന്ന് മുഖ്യമന്ത്രി സംഘടനാ പ്രതിനിധികളെ അറിയിച്ചു. അഞ്ച് ദിവസത്തെ ശമ്പളം നല്‍കാന്‍ സര്‍വീസ് സംഘടനകള്‍ക്കിടയില്‍ ധാരണയായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Read more

സാലറി ചലഞ്ച് നിര്‍ബന്ധമാക്കരുതെന്നും താത്പര്യമുള്ളവര്‍ക്കായി പരിമിതപ്പെടുത്തണമെന്നും സംഘടനകള്‍ അഭിപ്രായപ്പെട്ടു. തവണകളായി നല്‍കാനും അവസരം നല്‍കണമെന്നും യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു. അതേസമയം പുത്തുമലയിലെ ഹാരിസണ്‍ മലയാളത്തില്‍ തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ സംസ്‌കാര ചടങ്ങുകള്‍ പുരോഗമിക്കുകയാണ്.