വിദ്യാർത്ഥികളുടെ സുരക്ഷ; എറണാകുളം ജില്ലയിൽ ടിപ്പർ ലോറികൾക്ക് നിയന്ത്രണം

വിദ്യാർത്ഥികളുടെ സുരക്ഷ പരി​ഗണിച്ച് എറണാകുളം ജില്ലയിൽ ടിപ്പർ ലോറികൾക്ക് ​ഗതാ​ഗത നിയന്ത്രണം. സ്കൂൾ, കോളേജ് സമയക്രമത്തിനനുസരിച്ചാണ് നിയന്ത്രണ നടപടി. രാവിലെ എട്ട് മുതൽ പത്ത് വരേയും, വൈകീട്ട് നാലു മുതൽ അഞ്ച് വരേയുമാണ് ​ഗതാ​ഗത നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണം ഇന്ന് മുതൽ പ്രബല്യത്തിൽ വന്നു.

കഴിഞ്ഞ ദിവസം കൊച്ചി ന​ഗര പരിധിയിൽ സ്വകാര്യ ബസുകൾക്ക് ഹോൺ മുഴക്കുന്നതിന് നിരോധനമേർപ്പെടുത്തികൊണ്ട് ഹൈക്കോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് ടിപ്പർ ലോറികൾക്കും നിയന്ത്രണം. വാഹനങ്ങളെ മറികടക്കുന്നതും തടഞ്ഞിരുന്നു. ഓട്ടോറിക്ഷകൾക്കും ഉത്തരവ് ബാധകമാണ്.

ഹൈക്കോടതി നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി ഉത്തരവിറക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്കും മോട്ടോർ വാഹന വകുപ്പിനും നിർദ്ദേശം നൽകിയിട്ടുണ്ട്. കാതടപ്പിക്കുന്ന ഹോൺ മുഴക്കി വരി നോക്കാതെ പോകുന്ന സ്വകാര്യ ബസുകൾ റോഡിൽ കാണരുത്.

സ്വകാര്യബസുകൾ ഇടതു വശം ചേർന്ന് പോകണമെന്നും കോടതി ഉത്തരവിൽ പറയുന്നു. ബസുകളുടേയും ഓട്ടോറിക്ഷകളുടേയും വേ​ഗത നിയന്ത്രിക്കണമെന്നും, ഓട്ടോറിക്ഷകൾക്ക് ജനസംഖ്യാനുപാതമില്ലാതെ പെർമിറ്റ് അനുവദിക്കരുതെന്നും ഇക്കാര്യം മോട്ടോർ വാഹന വകുപ്പ് ഉറപ്പു വരുത്തണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിട്ടുണ്ട്.