ശാരീരിക ബന്ധത്തിന് ശേഷം വിവാഹം കഴിക്കാൻ വിസമ്മതിക്കുന്നത് വഞ്ചനയല്ല: ബോംബെ ഹൈക്കോടതി

പരസ്പര സമ്മതത്തോടെ ദീർഘകാലം ശാരീരിക ബന്ധത്തിലേർപ്പെട്ടതിന് ശേഷം വിവാഹം കഴിക്കാൻ വിസമ്മതിക്കുന്നതിനെ വഞ്ചനയായി കണക്കാക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. കീഴ്​കോടതി വിധിക്കെതിരായ അപ്പീൽ ഹർജിയിലാണ്​ കോടതി പരാമർശം. ഇതുമായി ബന്ധപ്പെട്ട കേസിൽ യുവാവിനെ കുറ്റക്കാരനാക്കിയ കീഴ്​കോടതി വിധി ഹൈക്കോടതി റദ്ദാക്കി.

പാൽഘർ സ്വദേശി കാശിനാഥ് ഘരത് എന്നയാൾക്കെതിരെയായിരുന്നു കേസ്. വിവാഹ വാഗ്ദാനം നൽകി മൂന്ന് വർഷം ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട് പിന്നീട് ബന്ധത്തിന്റെ ഒരു ഘട്ടത്തിൽ വിവാഹത്തിന് നിരസിച്ചു എന്ന് ആരോപിച്ചാണ് ഇദ്ദേഹത്തിനെതിരെ യുവതി പരാതി നൽകിയത്.

ബലാത്സംഗത്തിനും വഞ്ചനയ്ക്കും 376, 417 വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരുന്നത്. 1999 ഫെബ്രുവരിയിൽ അഡീഷണൽ സെഷൻസ് ജഡ്ജി, വഞ്ചനയ്ക്ക് കാശിനാഥിനെ ശിക്ഷിച്ചെങ്കിലും ബലാത്സംഗ കുറ്റത്തിൽ നിന്ന് അദ്ദേഹത്തെ വെറുതെ വിട്ടു. ഒരു വർഷം തടവിന് ശിക്ഷിക്കപ്പെട്ടു.

വിധിക്കെതിരെ കാശിനാഥ് ബോംബെ ഹൈക്കോടതിയിൽ അപ്പീൽ നൽകി. പെൺകുട്ടിയുടെ മൊഴി ഏതെങ്കിലും തരത്തിൽ വഞ്ചിക്കപ്പെട്ടതായി തെളിയിക്കുന്നില്ലെന്ന് ഹർജി പരിഗണിച്ച ജസ്റ്റിസ് അനുജ പ്രഭുദേശായി ചൂണ്ടിക്കാട്ടി. പരസ്പര സമ്മതത്തോടെയാണ് ശാരീരിക ബന്ധമെന്നും ജഡ്ജി പറഞ്ഞു.

തെളിവുകൾ പരിശോധിച്ചും സാക്ഷി മൊഴിയും വാദങ്ങളും കേട്ട ശേഷം, കേസിലെ പ്രതി തെറ്റായ വിവരങ്ങൾ നൽകിയോ വഞ്ചിച്ചോ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി വ്യക്തമായിട്ടില്ലെന്ന് ഹൈക്കോടതി പറഞ്ഞു. അതുകൊണ്ടുതന്നെ ഇത്രയും നാളത്തെ ബന്ധത്തിന് ശേഷം വിവാഹം കഴിക്കാൻ വിസമ്മതിക്കുന്നതിനെ വഞ്ചനയായി കണക്കാക്കാനാവില്ലെന്നും കോടതി പറഞ്ഞു.

ഇത്തരം കേസുകളിൽ പ്രതി തെറ്റായ വിവരങ്ങൾ നൽകി യുവതിയെ പ്രലോഭിപ്പിച്ചോ വിവാഹ വാഗ്ദാനം നൽകിയോ എന്ന് തെളിയിക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി വിധി പ്രസ്താവിച്ചു. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വാഗ്ദാനങ്ങൾ നൽകുകയും പിന്നീട് പാലിക്കാതിരിക്കുകയും ചെയ്താൽ അത് വഞ്ചനയായി കണക്കാക്കാമെന്നും കോടതി പറഞ്ഞു.