തൃശൂരില്‍ റെഡ്മി 5 പ്രോ മൊബൈല്‍ പൊട്ടിത്തെറിച്ചത് കുട്ടി മരിച്ച സംഭവം; പ്രതികരിച്ച് ഷവോമി

തൃശ്ശൂര്‍ തിരുവില്വാമലയില്‍ റെഡ്മി 5 പ്രോ മൊബൈല്‍ പൊട്ടിത്തെറിച്ചത് എട്ടുവയസുകാരി മരിച്ച സംഭവത്തില്‍ പ്രതികരിച്ച് ഷവോമി. ഇത്തരം കാര്യങ്ങള്‍ വളരെ ഗൗരവത്തോടെയാണ് കമ്പനി കാണുന്നതെന്നും ഈ പ്രയാസകരമായ സമയത്ത് ഞങ്ങള്‍ കുടുംബത്തോടൊപ്പം നില്‍ക്കുകയും സാദ്ധ്യമായ വിധത്തില്‍ അവരെ പിന്തുണയ്ക്കുമെന്നും ഷമോവി ഇന്ത്യയുടെ വക്താവ് അറിയിച്ചു.

‘ഷവോമി ഇന്ത്യയില്‍ ഉപഭോക്തൃ സുരക്ഷയ്ക്ക് വളരെ പ്രാധാന്യം നല്‍കുന്നുണ്ട്. ഞങ്ങള്‍ അത്തരം കാര്യങ്ങള്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ഈ പ്രയാസകരമായ സമയത്ത് ഞങ്ങള്‍ ആ കുടുംബത്തോടൊപ്പം നില്‍ക്കുകയും സാദ്ധ്യമായ വിധത്തില്‍ അവരെ പിന്തുണയ്ക്കുകയും ചെയ്യുന്നു. വിഷയത്തില്‍ ഇപ്പോള്‍ അന്വേഷണം നടക്കുകയാണ്. സംഭവത്തിന്റെ യഥാര്‍ത്ഥ കാരണം നിര്‍ണായിക്കാന്‍ ഞങ്ങള്‍ അധികാരികളുമായി പ്രവർത്തിക്കുകയും ആവശ്യമായ ഏത് വിധത്തിലും അവരെ പിന്തുണയ്ക്കുകയും ചെയ്യും’ ഷവോമി ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു.

തിങ്കള്‍ രാത്രി പത്തരയോടെയാണു സംഭവമുണ്ടായത്. പട്ടിപ്പറമ്പ് കുന്നത്ത് വീട്ടില്‍ അശോക് കുമാറിന്റെ മകള്‍ ആദിത്യശ്രീയാണ് മരിച്ചത്. അപകടസമയത്ത് പുതപ്പിനടിയില്‍ കിടന്ന് ഗെയിം കളിക്കുകയായിരുന്നു കുട്ടിയെന്നാണ് മുത്തശ്ശി പൊലീസിനോട് പറഞ്ഞത്. ഗുളികയെടുക്കാന്‍ താന്‍ പുറത്തുപോയി. വലിയ പൊട്ടിത്തെറി കേട്ടാണ് തിരിച്ചെത്തിയതെന്നും ഈ സമയത്ത് മകള്‍ ചോരയില്‍ കുളിച്ചു കിടക്കുന്നതാണ് കണ്ടതെന്നും അവര്‍ പറഞ്ഞു.

മരണത്തിനിടയാക്കിയത് തലയിലേറ്റ പരിക്കും തലച്ചോറിലെ രക്തസ്രാവവുമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മരണകാരണം തലയിലേറ്റ ഗുരുതരമായ പരിക്കാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു. തലച്ചോറില്‍ പലയിടത്തും ക്ഷതമുണ്ടായി. ഇങ്ങനെയുണ്ടായ രക്തസ്രാവമാണു മരണകാരണമെന്നാണു കണ്ടെത്തല്‍.