വേലിക്കകത്തെ വീട്ടില്‍ നിന്നും വിഎസിന്റെ ഒടുവിലത്തെ മടക്കം; ഉയരുന്ന മുഷ്ടിയും ചങ്കിടറിയ മുദ്രാവാക്യവുമായി മലയാള നാടിന്റെ പരിച്ഛേദം ആലപ്പുഴയില്‍

നെഞ്ചിടറിയും ഉച്ചത്തില്‍ വിളിക്കുന്ന മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ വി എസ് അച്യുതാനന്ദന്‍ ആലപ്പുഴയിലെ തന്റെ വേലിക്കകത്ത് വീട്ടില്‍നിന്നും മടങ്ങി. ഇന്നലെ ഉച്ചയ്ക്ക് 2.15ഓടെ തിരുവനന്തപുരം സെക്രട്ടറിയേറ്റില്‍ നിന്ന് ഇറങ്ങിയ വിലാപയാത്ര ഇന്ന് ഉച്ചയ്ക്ക് 12.20 ഓടെയാണ് ആലപ്പുഴ പറവൂരിലെ വേലിക്കകത്ത് വീട്ടില്‍ എത്തിയത്. രണ്ടര വരെ വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫിസില്‍ പൊതുദര്‍ശനത്തിന് വേണ്ടിയാണ് വേലിക്കകത്ത് വീട്ടില്‍ നിന്ന് വി എസിന്റെ ഭൗതിക ശരീരം വിലാപയാത്രയായി കൊണ്ടുപോയത്.

മുഖ്യമന്ത്രി പിണറായി വിജയനടക്കം സിപിഎം നേതാക്കള്‍ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയിട്ടുണ്ട്. വേലിക്കകത്തെ വീട്ടില്‍ നിന്നും ജില്ലാ കമ്മിറ്റി ഓഫിസിലേക്കുള്ള യാത്രയിലും വഴിയിലുടനീളം വിഎസിനെ കാണാന്‍ ജനങ്ങള്‍ കാത്തുനില്‍ക്കുന്നു.

ആലപ്പുഴയുടെ പാതയോരങ്ങളില്‍ കണ്ണുനിറച്ച് നെഞ്ചിടറി വിഎസിനായി ജനക്കൂട്ടം. വിഎസിന്റെ ജന്മനാടായ ആലപ്പുഴയില്‍ 21 മണിക്കൂര്‍ പിന്നിട്ട വിലാപയാത്ര വേലിക്കകത്തെ വീട്ടിലേക്ക് നീങ്ങുകയാണ്. പൊതുദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ പറവൂരിലെ വേലിക്കകത്ത് വീട്ടില്‍ പൂര്‍ത്തിയായി കഴിഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നിന്ന് തുടങ്ങിയ വിലാപയാത്ര 21 മണിക്കൂര്‍ പിന്നിട്ടു. ആലപ്പുഴയുടെ വിപ്ലവമണ്ണില്‍ വിഎസ്സിനെ കാണാന്‍ വലിയ ജനക്കൂട്ടമാണ് വഴിയിലാകെ തടിച്ചുകൂടിയത്. പത്തുമണിയോടെ മൃതദേഹം വീട്ടിലെത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും പ്രിയപ്പെട്ട വിഎസിനെ ഒരുനോക്കുകാണാന്‍ വഴിയരികില്‍ ആയിരങ്ങള്‍ കാത്തുനിന്നിരുന്നതിനാല്‍ നിശ്ചയിച്ച പ്രകാരം നീങ്ങാന്‍ വിലാപയാത്രയ്ക്ക് സാധിച്ചില്ല.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ജനം ആലപ്പുഴയിലേക്ക് ഒഴുകിയെത്തിയിട്ടുണ്ട്. കാസര്‍കോട് കണ്ണൂര്‍ അടക്കമുള്ള വടക്കന്‍ ജില്ലകളില്‍നിന്ന് പ്രവര്‍ത്തകര്‍ രാത്രി തന്നെ ആലപ്പുഴയിലെത്തി കാത്തുനില്‍ക്കുകയാണ്. ആയിരക്കണക്കിനാളുകളാണ് വേലിക്കകത്ത് വീട്ടിലും അദ്ദേഹത്തെ ഒരുനോക്ക് കാണാനായി ഒഴുകിയെത്തിയത്. ജില്ലാ കമ്മിറ്റി ഓഫീസിന് ശേഷം ബീച്ചിനു സമീപത്തെ റിക്രിയേഷന്‍ ഗ്രൗണ്ടിലെ പൊതുദര്‍ശനത്തില്‍ പങ്കാളികളാകണമെന്ന് നേതാക്കള്‍ ജനങ്ങളോട് അഭ്യര്‍ഥിക്കുന്നുണ്ട്. റിക്രിയേഷന്‍ ഗ്രൗണ്ടില്‍ വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഭൗതികശരീരം വൈകിട്ടോടെ വലിയ ചുടുകാട്ടിലേക്കു സംസ്‌കാരത്തിനായി കൊണ്ടുപോകും.

Read more