പുതുവത്സരത്തില്‍ റെക്കോഡ് മദ്യവില്‍പന, ബെവ്‌കോ വിറ്റത് 82 കോടിയുടെ മദ്യം

സംസ്ഥാനത്ത് പുതുവത്സര ആഘോഷത്തിന് നടന്നത് റെക്കോഡ് മദ്യവില്‍പന. ബെവ്‌കോ വഴി 82.26 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം 70.55 കോടിയുടെ വില്‍പന ആയിരുന്നു നടന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 12 കോടിയുടെ അധിക മദ്യവില്‍പനയാണ് നടന്നിരിക്കുന്നത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വില്‍പന നടന്നത് തിരുവനന്തപുരം പവര്‍ ഹൗസ് ഔട്ട്ലറ്റിലാണ്. ഒരു കോടി ആറ് ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. പാലാരിവട്ടത്ത് 81 ലക്ഷം രൂപയുടേയും, കടവന്ത്രയില്‍ 77.33 ലക്ഷം രൂപയുടേയും മദ്യം ബെവ്‌കോ വിറ്റു.

ക്രിസ്മസ് തലേന്നും ബെവ്‌കോ റെക്കോഡ് വില്‍പന തന്നെയായിരുന്നു നടത്തിയത്. ക്രിസ്മസ് തലേന്ന് മാത്രം 65.88 കോടി രൂപയുടെ മദ്യം വിറ്റിരുന്നു. തിരുവനന്തപുരം ജില്ലയിലായിരുന്നു ഏറ്റവും കൂടുതല്‍ വില്‍പന നടന്നത്. തിരുവനന്തപുരം പവര്‍ ഹൗസ് ഔട്ട്ലറ്റില്‍ തന്നെയായിരുന്നു ഏറ്റലും കൂടുതല്‍ മദ്യം വിറ്റഴിച്ചത്. 73. 53 ലക്ഷം രൂപയുടെ മദ്യം ഇവിടെ മാത്രം വിറ്റു.

ക്രിസ്മസ് ദിവസം 73 കോടിയുടെ മദ്യം സംസ്ഥാനത്താകെ വിറ്റിരുന്നു. കണ്‍സ്യൂമര്‍ ഫെഡിലൂടെ വിറ്റ മദ്യത്തിന്റെ കണക്ക് കൂടി ചേര്‍ത്താണിത്. കണ്‍സ്യൂമര്‍ ഫെഡിലൂടെ ക്രിസ്മസിന് 8 കോടിയുടെ കച്ചവടം നടന്നു. രണ്ട് ദിവസങ്ങളും കൂട്ടി 150 കോടിയുടെ മദ്യമാണ് മലയാളികള്‍ ക്രിസ്മസിന് കുടിച്ചത്. കഴിഞ്ഞ ക്രിസ്മസിന്് 55 കോടിയായിരുന്നു ബെവ്‌കോയുടെ കച്ചവടം.