പാലാരിവട്ടം പാലം പുനര്‍നിര്‍മ്മാണം ഉടന്‍ ആരംഭിക്കും: മന്ത്രി ജി.സുധാകരൻ

പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ. ഭാരപരിശോധന വേണ്ടതില്ലെന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിച്ചു കൊണ്ട് പാലം പുനര്‍നിര്‍മ്മിക്കുന്നതിന് സുപ്രീംകോടതി അനുവാദം നല്‍കി. മുഖ്യമന്ത്രിയുമായുള്ള കൂടിയാലോചനയ്ക്ക് ശേഷം പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തീകരിക്കുന്നതിന് ലക്ഷ്യം വെച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കാബിനറ്റ് ചുമതലപ്പെടുത്തിയ ഇ ശ്രീധരനോട് ഫോണില്‍ ആശയവിനിമയം നടത്തുകയും അനുഭാവപൂര്‍വ്വമായ നിലപാട് സ്വീകരിക്കാമെന്ന് അറിയിക്കുകയും ചെയ്തതായി മന്ത്രി പറഞ്ഞു.

മന്ത്രിയുടെ പ്രസ്താവന:

പാലാരിവട്ടം പാലം പുനര്‍നിര്‍മ്മാണം ഉടന്‍ ആരംഭിക്കുന്നു.

അപകടാവസ്ഥയിലായ പാലാരിവട്ടം പാലം പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നിലനിന്നിരുന്ന കേസില്‍ വിശദമായ വാദം കേട്ട കോടതി പൊതുജനതാല്‍പര്യാര്‍ത്ഥം കേരള സര്‍ക്കാരിൻ്റെ സുചിന്തിതമായ നിലപാടുകൾ ശരിവയ്ക്കുകയും ഭാരപരിശോധന വേണ്ടതില്ലെന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിച്ചുകൊണ്ട് പാലം പുനര്‍നിര്‍മ്മിക്കുന്നതിന് അനുവാദം നല്‍കിയിരിക്കുകയും ചെയ്തു.

2016 ഒക്ടോബര്‍ 12-ന് ഗതാഗതത്തിനായി തുറന്നു നല്‍കിയ പാലാരിവട്ടം പാലത്തില്‍ ഒരുവര്‍ഷത്തിനുള്ളില്‍ തന്നെ ഉപരിതലത്തിലും എക്പാന്‍ഷന്‍ ജോയിന്‍റിലും ചില അപാതകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വകുപ്പുതല അന്വേഷണം നടത്തുകയും അപാകതകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു.

തുടര്‍ന്ന് വിശദമായ പരിശോധന നടത്തുന്നതിന് ചുമതലപ്പെടുത്തിയ ചെന്നൈ ഐ.ഐ.ടി നല്‍കിയ റിപ്പോര്‍ട്ടില്‍ ഗര്‍ഡറിലും പിയര്‍ക്യാപ്പിലും വിള്ളലുകള്‍ ഉണ്ടായിട്ടുണ്ടെന്നും കോണ്‍ക്രീറ്റിന് ആവശ്യമായ ശക്തിയില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ പാലം എത്ര വര്‍ഷം നിലനില്‍ക്കുമെന്ന ഉറപ്പില്ലാത്തതിനാലും പാലത്തിന്‍റെ സുരക്ഷയെ സംബന്ധിച്ച് വിദഗ്ദർ ഉന്നയിച്ച ആശങ്കകള്‍ കൂടി പരിഗണിച്ച് വിശദമായ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് രാജ്യത്തെ ഏറ്റവും മികച്ച എൻജിനീയറായ ശ്രീ. ഇ. ശ്രീധരനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. അദ്ദേഹം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പാലം അപകടത്തിലാണെന്നും ഉടന്‍ പുനര്‍നിര്‍മ്മിക്കണമെന്നും നിര്‍ദ്ദേശിച്ചു.

ഇതിന്‍റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയ പൊതുമരാമത്ത് നിരത്തു വിഭാഗം, പാലം, ദേശീയപാത വിഭാഗം ചീഫ് എഞ്ചിനീയര്‍മാരും, സ്ട്രക്ചറല്‍ എഞ്ചിനീയര്‍മാരും ഉള്‍പ്പെടുന്ന കമ്മിറ്റിയും പാലം ദീര്‍ഘകാലം നിലനില്‍ക്കില്ലെന്നും ഇത് റിപ്പയർ ചെയ്യാൻ ശ്രമിക്കുന്നത് സര്‍ക്കാരിന് സാമ്പത്തികനഷ്ടം ഉണ്ടാക്കുമെന്നും ജനങ്ങളുടെ സുരക്ഷയ്ക്ക് ഗുരുതര ഭീഷണി ഉയർത്തുന്നതിനാൽ പാലം പുനര്‍നിര്‍മ്മിക്കുകയല്ലാതെ മറ്റു മാർഗ്ഗങ്ങളില്ല എന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്.

ഇതിന്‍റെ അടിസ്ഥാനത്തില്‍ പാലത്തിന്‍റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനും വിശദമായ ഡി.പിആര്‍ തയ്യാറാക്കുന്നതിനും ശ്രീ. ഇ. ശ്രീധരനെ കാബിനറ്റ് ചുമലപ്പെടുത്തിയിരുന്നു.

ഈ സന്ദര്‍ഭത്തില്‍ കരാര്‍ കമ്പനിയും കരാറുകാരുടെ സംഘടനയും ലോഡ് ടെസ്റ്റ് നടത്തണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയാണുണ്ടായത്. ഐ.ആര്‍.സി നിഷ്കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങളെക്കാള്‍ ഏറെ വലിയ വിള്ളലുകളാണ് പാലത്തില്‍ കണ്ടെത്തിയിട്ടുള്ളത് എന്നതിനാല്‍ പാലം അപകടത്തിലാണെന്നും ലോഡ് ടെസ്റ്റിംഗ് നടത്താതെ നിഗമനത്തില്‍ എത്താന്‍ കഴിയുമെന്ന സര്‍ക്കാര്‍ വാദം പരിഗണിക്കാതെ ഹൈക്കോടതി പുനര്‍നിര്‍മ്മാണം സ്റ്റേ ചെയ്യുകയായിരുന്നു. തുടര്‍ന്ന് സുപ്രീംകോടതിയെ സര്‍ക്കാര്‍ സമീപിക്കുകയും വിദഗ്ധരുടെ അഭിപ്രായങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തുകയും ചെയ്തു. ആയതിൻ്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ നിലപാട് ശരിവച്ചു കൊണ്ട് ഭാര പരിശോധന നടത്താതെ തന്നെ പാലം പുനര്‍നിര്‍മ്മിക്കുന്നതിന് സുപ്രീംകോടതി അനുമതി നല്‍കിയത്.

ബഹു .മുഖ്യമന്ത്രിയുമായുള്ള കൂടിയാലോചനയ്ക്ക് ശേഷം പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തീകരിക്കുന്നതിന് ലക്ഷ്യംവെച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കാബിനറ്റ് ചുമതലപ്പെടുത്തിയ ശ്രീ.ഇ ശ്രീധരനോട് ഫോണില്‍ ആശയവിനിമയം നടത്തുകയും അനുഭാവപൂര്‍വ്വമായ നിലപാട് സ്വീകരിക്കാമെന്ന് അറിയിക്കുകയും ചെയ്തു.

ആധുനിക കേരളത്തിൻ്റെ അഭിമാനത്തിൽ വിള്ളലുകൾ വീഴ്ത്തിയ പാലാരിവട്ടം പഞ്ചവടിപ്പാലം പുനർനിർമ്മാണം മെട്രോമാൻ പദ്മവിഭൂഷൻ ശ്രീ.ഇ.ശ്രീധരൻ്റെ സമർത്ഥമായ കാര്യദർശിത്വത്തിൽ നിശ്ചിത സമയത്ത് തന്നെ പണി പൂർത്തീകരിച്ച്‌ അഭിമാനത്തിൻ്റെ ഉയരപ്പാതയായി നാടിന് സമർപ്പിക്കാനാവും എന്ന് പ്രതീക്ഷിക്കുന്നു.

പുതിയ കാലത്തിനൊത്ത പുതിയ നിർമ്മാണമാണ്.