ആവശ്യക്കാര്‍ ഏറെ, ജവാന്‍ മദ്യത്തിന്റെ ഉദ്പാദനം കൂട്ടാന്‍ ശിപാര്‍ശ

സര്‍ക്കാര്‍ മേഖലയില്‍ മദ്യ ഉദ്പാദനം വര്‍ധിപ്പിക്കണമെന്ന് ബെവ്‌കോ എംഡിയുടെ ശിപാര്‍ശ. ജവാന്‍ മദ്യത്തിന്റെ ഉദ്പാദനം കൂട്ടണമെന്നും പാലക്കാട് മലബാര്‍ ഡിസ്റ്റിലറി തുറക്കണമെന്നുമാണ് പ്രധാന ആവശ്യം.

നിലവില്‍ 7,000 കെയ്‌സ് മദ്യമാണ് പ്രതിദിനം ഉദ്പാദിപ്പിക്കുന്നത്. ഇത് 16,000 കെയ്‌സാക്കി ഉദ്പാദനം ഉയര്‍ത്തണമെന്നാണ് ശിപാര്‍ശ. സംസ്ഥാനത്തെ 23 വെയര്‍ഹൗസുകളില്‍ വിതരണമുണ്ടെങ്കിലും ഇനിയും ജവാന്‍ മദ്യത്തിന് ആവശ്യക്കാരുണ്ടെന്നാണ് വിലയിരുത്തല്‍.

തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍ ലിമിറ്റഡാണ് ഉത്പാദകര്‍. എന്നാല്‍ ആവശ്യക്കാര്‍ വര്‍ധിച്ചെങ്കിലും ഉത്പാദനം കൂട്ടാനാകാത്ത അവസ്ഥയിലാണ് കമ്പനി. മദ്യ നിര്‍മ്മാണത്തിനായി ഒരു ലൈന്‍ സ്ഥാപിക്കാന്‍ 30 ലക്ഷം രൂപയാണ് കമ്പനി കണക്കാക്കുന്ന ചെലവ്. കൂടാതെ മേല്‍നോട്ടക്കാരെയടക്കം കൂടുതല്‍ ജീവനക്കാരെയും നിയമിക്കേണ്ടിവരും.

മലബാര്‍ മേഖലയില്‍ വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്ന ചിറ്റൂര്‍ കോ – ഓപ്പറേറ്റീവ് ഷുഗര്‍ മില്‍ തുറക്കണമെന്ന ശുപാര്‍ശയും സര്‍ക്കാരിന് സമര്‍പ്പിച്ചെന്നും ബെവ്‌കോ എം.ഡി ശ്യാംസുന്ദര്‍ വെളിപ്പെടുത്തി. സര്‍ക്കാര്‍ അനുകൂല നിലപാടെടുത്താല്‍ പുതിയ എക്‌സൈസ് നയത്തിന്റെ ഭാഗമായി പ്രഖ്യാപനമുണ്ടാകും.