രഞ്ജിത് ശ്രീനിവാസന്‍ വധക്കേസ്; വധശിക്ഷയ്‌ക്കെതിരെ പ്രതികള്‍ ഹൈക്കോടതിയില്‍

രഞ്ജിത് ശ്രീനിവാസന്‍ വധക്കേസിലെ പ്രതികള്‍ വധശിക്ഷയ്‌ക്കെതിരെ ഹൈക്കോടതിയെ സമീപിച്ചു. പ്രതികളുടെ അപ്പീലില്‍ സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു. ഒന്ന് മുതല്‍ നാല് വരെയുള്ള പ്രതികളാണ് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയായിരുന്നു പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത്. മാര്‍ച്ച് 13ന് ഹൈക്കോടതി ഹര്‍ജി പരിഗണിക്കും. വധശിക്ഷയ്ക്ക് വിധിച്ച 15 പ്രതികള്‍ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്ന് നിരീക്ഷിച്ചതിനെ തുടര്‍ന്നാണ് 15 പ്രതികള്‍ക്കും വധശിക്ഷ വിധിച്ചത്.

ആലപ്പുഴ വെള്ളക്കിണറുള്ള രഞ്ജിത് ശ്രീനിവാസന്റെ വീട്ടില്‍ 2021 ഡിസംബര്‍ 19ന് അതിക്രമിച്ച് കയറിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ മാതാവിന്റെയും ഭാര്യയുടെയും മകളുടെയും മുന്നില്‍ വച്ച് കൊല നടത്തുകയായിരുന്നു. എസ്ഡിപിഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ കരുതിക്കൂട്ടി നടത്തിയ ആക്രമണമായിരുന്നു രഞ്ജിത് വധം.