ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടർന്ന് രഞ്ജിത്ത് ആശുപത്രിയില്‍; നടിയുടെ പരാതിയെ കുറിച്ച് അറിയില്ലെന്ന് മൊഴി

രഞ്ജിത്ത് ആശുപത്രിയില്‍. രാത്രിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ച രഞ്ജിത്തിന്റെ രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്നാണ് എറണാകുളം ജില്ലാ ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത്. രഞ്ജിത്തിന്റെ ഇസിജിയിലും വ്യതിയാനം ഉണ്ട്. ഇന്ന് തന്നെ രഞ്ജിത്തിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.

തനിക്കെതിരെ വന്ന ആരോപണങ്ങളെ നിഷേധിച്ചിരിക്കുകയാണ് രഞ്ജിത്ത്. പരാതിയെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് മൊഴി നല്‍കി. എന്നാല്‍ അന്വേഷണ സംഘം ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. പരാതിക്കാസ്പദമായ സംഭവം നടന്ന സമയത്ത് സിനിമാലൊക്കേഷനില്‍ ഉണ്ടായിരുന്നവരെ വിശദമായി ചോദ്യം ചെയ്യും. ഐസിസി അംഗങ്ങളുടെയും മൊഴിയെടുക്കും.

ഇന്നലെ രാത്രി എറണാകുളത്ത് നിന്നും തൊടുപുഴയിലേക്ക് പോകുന്ന വഴി മുട്ടത്തുവെച്ചാണ് എറണാകുളം സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദേശത്തെ തുടര്‍ന്ന് തൊടുപുഴ പൊലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കൊച്ചി പൊലീസിന് കൈമാറി. സിനിമാ ലൊക്കേഷനില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന നടിയുടെ പരാതിയിലാണ് അറസ്റ്റ്.