'വേടന്റെ അമ്മ ശ്രീലങ്കന്‍ വംശജ, കേസിന് ശ്രീലങ്കന്‍ ബന്ധം'; പുലിപ്പല്ല് കേസില്‍ റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റം; നടപടി കടുത്ത സര്‍വീസ് ചട്ടലംഘനം കണ്ടെത്തിയതോടെ

റാപ്പര്‍ വേടനെതിരെ വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത പുലിപ്പല്ല് കേസില്‍ ചട്ടലംഘനം ചൂണ്ടിക്കാട്ടി റേഞ്ച് ഓഫീസര്‍ക്കെതിരെ വകുപ്പ് തല നടപടി. സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളുടെ രൂക്ഷമായ ലംഘനം കണക്കിലെടുത്താണ് റേഞ്ച് ഓഫീസറെ സ്ഥലം മാറ്റിയത്. വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്റെ ഉത്തരവിലാണ് കോടനാട് റേഞ്ച് ഓഫീസര്‍ അധീഷീനെ മലയാറ്റൂര്‍ ഡിവിഷന് പുറത്തേക്ക് സ്ഥലം മാറ്റാന്‍ നിര്‍ദ്ദേശം.

വേടന്റെ അമ്മ ശ്രീലങ്കന്‍ വംശജയാണെന്നും അതുകൊണ്ട് കേസിന് ശ്രീലങ്കന്‍ ബന്ധമുണ്ടെന്നും തുടങ്ങി മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ സ്ഥിരീകരിക്കാത്ത പ്രസ്താവനകള്‍ അന്വേഷണ മധ്യേ വെളിപ്പെടുത്തിയ സംഭവത്തിലാണ് നടപടിയുണ്ടായിരിക്കുന്നത്. വകുപ്പുതല അന്വേഷണത്തിന് വിധേയമായി ആണ് സ്ഥലം മാറ്റം.

വിശദമായ അന്വേഷണം നടത്തി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനം മേധാവിക്ക് നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ട് ലഭിച്ച ശേഷം മറ്റ് തുടര്‍ നടപടികള്‍ സംബന്ധിച്ച് തീരുമാനം കൈക്കൊള്ളുമെന്ന് മന്ത്രി പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തിടുക്കപ്പെട്ട് നടത്തിയ അന്വേഷണ രീതിയില്‍ മന്ത്രി ആദ്യം മുതല്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

തുടര്‍ന്ന് വേടന് സിപിഎമ്മും സിപിഐയും ഉള്‍പ്പെടെ പിന്തുണ പ്രഖ്യാപിച്ചതോടെ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കുകയായിരുന്നു. അതേസമയം കഴിഞ്ഞ ദിവസം ഇടുക്കിയില്‍ സര്‍ക്കാര്‍ പരിപാടിയില്‍ വേടന്‍ പങ്കെടുത്തിരുന്നു. വന്‍ സുരക്ഷ ക്രമീകരണങ്ങളോടെ സംഘടിപ്പിച്ച പരിപാടിയില്‍ ആരവങ്ങളോടെയും ആര്‍പ്പുവിളികളോടെയുമാണ് വേടനെ വരവേറ്റത്. ഇടുക്കി വാഴത്തോപ്പില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് വേടന്‍ പങ്കെടുത്തത്.

നേരത്തെ സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടിയില്‍ വേടനെയും ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ലഹരി കേസില്‍ ഉള്‍പ്പെട്ടതോടെ പരിപാടി റദ്ദാക്കുകയായിരുന്നു. തുടര്‍ന്ന് വേടന് സിപിഎമ്മും സിപിഐയും പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ വാര്‍ഷികാഘോഷ പരിപാടിയില്‍ വേടന് വേദിയൊരുങ്ങിയത്.

തന്റെ ചില കാര്യങ്ങള്‍ അനുകരിക്കരുതെന്നും തന്നെ ഉപദേശിക്കാന്‍ ആരുമില്ലായിരുന്നുവെന്നും ആരാധകരോടായി വേടന്‍ പറഞ്ഞു. തന്റെ നല്ല ശീലങ്ങള്‍ കണ്ട് പഠിക്കുകയാണ് വേണ്ടത്. താന്‍ നിങ്ങളുടെ മുന്നിലാണ് നില്‍ക്കുന്നത്. തന്നെ കേള്‍ക്കുന്ന നിങ്ങള്‍ക്ക് നന്ദിയെന്നും വേടന്‍ ആരാധകരോടായി പറഞ്ഞു.

തന്നെ തിരുത്താനും തിരുത്തപ്പെടാനുമുള്ള സാഹചര്യത്തിലാണ് താന്‍ നിങ്ങളുടെ മുന്നില്‍ വന്ന് നില്‍ക്കുന്നത്. വേടന്‍ എന്ന വ്യക്തി പൊതുസ്വത്താണ് താന്‍ ഒരു പാര്‍ട്ടിയുടെയും ആളല്ല. നിങ്ങളുടെ ചേട്ടനും അനിയനുമൊക്കെയാണ് താനെന്ന് പറഞ്ഞ വേടന്‍ വേദി നല്‍കിയതില്‍ സര്‍ക്കാരിന് നന്ദിയും അറിയിച്ചു.