രമ്യാ ഹരിദാസ് പ്രസിഡന്റ് പദവി രാജിവെച്ചു; കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ ഭരണം വീണ്ടും പിടിക്കാന്‍ നിര്‍ണായക നീക്കവുമായി കോണ്‍ഗ്രസ്

ആലത്തൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു.. ആലത്തൂരില്‍ പ്രവര്‍ത്തനം കേന്ദ്രീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. വലിയ ഉത്തരവാദിത്വത്തില്‍ നിന്നു കൊണ്ടാണ് ആലത്തൂരില്‍ മത്സരിച്ചതെന്ന് രമ്യ ഹരിദാസ് പറഞ്ഞു.
വലിയ ഉത്തരവാദിത്വമാണ് ഇപ്പോള്‍ ഏല്‍പ്പിച്ചിരിക്കുന്നത്. മത്സരിക്കുമ്പോള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോസ്റ്റില്‍ ഉത്തരവാദിത്വത്തോടെ ജോലി ചെയ്യാനാകില്ല എന്നതുകൊണ്ട് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചപ്പോള്‍ തന്നെ രാജി വെയ്ക്കാനുള്ള അനുവാദം ചോദിച്ചിരുന്നു. തിരഞ്ഞെടുപ്പ് കഴിയട്ടേ എന്നായിരുന്നു പാര്‍ട്ടി അറിയിച്ചതെന്നും രമ്യ ഹരിദാസ് കൂട്ടിച്ചേര്‍ത്തു. ഇന്ന് വൈകുന്നേരം തന്നെ ആലത്തൂരിലേക്ക് തിരിക്കും. ഇനി പ്രവര്‍ത്തനം ആലത്തൂരിലാണെന്നും രമ്യ പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് ഭരണം നിലനിര്‍ത്താനാണ് ഇത്തരത്തിലുള്ള നീക്കത്തിലൂടെ കോണ്‍ഗ്രസ് ശ്രമിക്കുന്നത്. നിലവില്‍ ഭരണസമിതിയില്‍ 19 അംഗങ്ങളാനുള്ളത്. ഇതില്‍ പത്തു പേര്‍ യു.ഡി.എഫിന്റെയും ഒമ്പത് പേര്‍ എല്‍.ഡി.എഫിന്റെയും അംഗങ്ങളാണ്.

രമ്യാ ഹരിദാസ് ആലത്തൂരില്‍ നിന്നും ജയിച്ചാല്‍ ബ്ലോക്ക് പ്രസിഡന്റ് പദവിയും ബ്ലോക്ക് പഞ്ചായത്ത് അംഗത്വവും ഒഴിയണമെന്നുള്ളത് അനിവാര്യതയായി മാറും. ഇതോടെ എല്‍ഡിഎഫ്, യുഡിഎഫ് കക്ഷിനില തുല്യമായി മാറും. അതു കാരണം വരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇരുക്കൂട്ടര്‍ക്കും ഒമ്പതു വീതം വോട്ട് കിട്ടാനാണ് സാധ്യത. പിന്നീട് നറുക്കെടുപ്പിന്റെ അടിസ്ഥാനത്തിലായിരിക്കും ബ്ലോക്ക് പ്രസിഡന്റിനെ തിരഞ്ഞെടുക്കുക. ഇത് ഒഴിവാക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.

ബ്ലോക്ക് പ്രസിഡന്റ് പദം രമ്യ ഇപ്പോള്‍ രാജിവെച്ചാല്‍ ആലത്തൂരിലെ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു മുമ്പേ ബ്ലോക്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കും. രമ്യയക്ക് അംഗമായി തുടരാമെന്നതിനാല്‍ വോട്ട് ചെയ്യാം. ഇതോടെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ജയിക്കുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.