'രമയെ അധിക്ഷേപിച്ചിട്ടില്ല, വിധവ എന്ന് പറഞ്ഞത് യു.ഡി.എഫ്'; വിശദീകരണവുമായി എം.എം മണി

കെകെ രമയെ അധിക്ഷേപിച്ചിട്ടില്ലെന്ന ന്യായീകരണവുമായി എം എം മണി. തെറ്റൊന്നും പറഞ്ഞിട്ടില്ല. രമയെ വിധവ എന്ന് പറഞ്ഞത് യുഡിഎഫ് ആണ്. പാര്‍ട്ടി നേതാക്കളോടോ എന്നോടോ ആനി രാജക്ക് ചോദിക്കാമായിരുന്നു. കെകെ ശിവരാമന് മറുപടിയില്ലെന്നും തന്നോട് ചോദിക്കാമായിരുന്നെന്നും മണി പറഞ്ഞു.

സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ശിവരാമന്‍ മണിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. പുലയാട്ട് ഭാഷ മണി നിരന്തരം ഉപയോഗിച്ചുകൊണ്ട് ഇരിക്കുകയാണ്. അത് നാട്ടുഭാഷയെന്ന വ്യാഖ്യാനം തെറ്റാണ്. നാട്ടുഭാഷയെന്ന് പറഞ്ഞ് മണിക്ക് ഒഴിയാനാവില്ല. അന്തസുള്ള ഭാഷ ഉപയോഗിക്കണം. ഇടതു പക്ഷത്തിന്റേത് സ്ത്രീപക്ഷ രാഷ്ട്രീയമാണെന്നും ശിവരാമന്‍ പറഞ്ഞിരുന്നു.

അതേസമയം, എംഎം മണി അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതിയോടെയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രി നടത്തുന്നത് എം എം മണിക്ക് കുട പിടിക്കുന്ന നടപടിയാണ്. വിധവയാകുന്നത് വിധിയാണ് എന്ന് സിപിഎം നേതൃത്വം പറയുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

വിധവ എന്ന വാക്ക് പോലും ഇന്നത്തെ കാലഘട്ടത്തില്‍ ഉപയോഗിക്കാന്‍ പാടില്ല. ഇത്തരം പിന്തിരിപ്പന്‍ ആശയങ്ങളും പേറി നടക്കുന്നവരാണോ സിപിഎമ്മെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് ചോദിച്ചു. പിണറായി വിജയന് ടി പി ചന്ദ്രശേഖരനെ കൊന്നിട്ടും തീരാത്ത പകയാണ്. യു ഡി എഫ് നാലു ചുറ്റും കാവല്‍ നിന്ന് കെ കെ രമയെ സംരക്ഷിക്കും. ഇത്തരം ആരോപണങ്ങള്‍ സ്വര്‍ണക്കടത്ത് കേസില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണോ എന്ന് സംശയിക്കുന്നവരും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മും ബിജെപിയും തമ്മിലുള്ള തര്‍ക്കത്തെയും വി ഡി സതീശന്‍ പരിഹസിച്ചു. തര്‍ക്കം നാഷണല്‍ ഹൈവേയിലാണോ പൊതുമരാമത്ത് റോഡിലാണോ എന്നായിരുന്നു പരിഹാസം. സ്വര്‍ണക്കടത്ത് കേസില്‍ നിന്ന് ശ്രദ്ധ തിരിക്കാനായി എ കെ ജി സെന്ററിലേക്ക് ഓലപ്പടക്കം എറിഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ഓഫിസ് തകര്‍ത്തുവെന്നും സതീശന്‍ പറഞ്ഞു.