കേരളത്തില്‍ ബദല്‍ ഭരണം അനിവാര്യം, അതിന് യോഗ്യത ബി.ജെ.പിക്ക് മാത്രം; രാജ്നാഥ് സിംഗ്

കേരളത്തില്‍ ബദല്‍ ഭരണം അനിവാര്യമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ബദല്‍ ഭരണത്തിനുള്ള യോഗ്യത ബിജെപിക്ക് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫും യുഡിഎഫും വ്യാജ വാഗ്ദാനങ്ങളാണ് നല്‍കുന്നത്. നല്‍കിയ വാഗ്ദാനങ്ങളില്‍ ഏതെല്ലാം പാലിച്ചു എന്ന് എല്‍ഡിഎഫ് വ്യക്തമാക്കണമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനെതിരെ സംസ്ഥാന സർക്കാർ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത് ഭരണഘടനാ വിരുദ്ധമാണെന്ന്  രാജ് നാഥ് സിംഗ് പറഞ്ഞു. ജുഡിഷ്യൽ അന്വേഷണ പ്രഖ്യാപനം ദൗർഭാഗ്യകരമാണ്. അത് രാജ്യത്തിന്റെ ഫെഡറൽ തത്വങ്ങൾക്കും ഭരണഘടനയ്ക്കും എതിരാണെന്നും രാജ് നാഥ് സിംഗ് കൂട്ടിച്ചേർത്തു.

ശബരിമലയിൽ ആചാരം സംരക്ഷിക്കാൻ നിയമ നിർമാണത്തെ പിന്തുണയ്ക്കും. ഏകീകൃത സിവിൽ കോഡിൽ എല്ലാ വിഭാഗത്തെയും വിശ്വാസത്തിൽ എടുത്ത് മുന്നോട്ടു പോകും. ബിജെപിയെ ന്യൂനപക്ഷങ്ങൾ ഭയക്കേണ്ടതില്ലെന്ന് പറഞ്ഞ അദ്ദേഹം ഏത് മതവിഭാഗമായാലും പൗരന്മാർ അങ്ങനെ തന്നെ തുടരുമെന്നും വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തിയ രാജ്നാഥ് സിംഗ് ഇന്ന് വര്‍ക്കല മണ്ഡലത്തിലെ എന്‍ഡിഎസ്ഥാനാര്‍ത്ഥി അജി എസ്ആര്‍എമ്മിന് വേണ്ടി റോഡ് ഷോ നടത്തും. വര്‍ക്കല താലൂക്ക് ഹോസ്പിറ്റല്‍ ജംഗ്ഷനില്‍ നിന്ന് ആരംഭിക്കുന്ന റോഡ് ഷോ വര്‍ക്കല റെയില്‍വെ സ്റ്റേഷന്‍ ജംഗ്ഷനില്‍ സമാപിക്കും. റോഡ് ഷോയ്ക്ക് ശേഷം വര്‍ക്കല ശിവഗിരിയില്‍ എത്തുന്ന അദ്ദേഹം മഹാസമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി സ്വാമിമാരുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 12.25 ന് കോട്ടയം പുതുപ്പള്ളി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി എന്‍. ഹരിക്കുവേണ്ടിപാമ്പാടി ബസ് സ്റ്റാന്‍ഡില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. 3.20 ന് തൃശൂര്‍ ഇരിഞ്ഞാലക്കുടയിലെ ബിജെപി സ്ഥാനാര്‍ത്ഥി ജേക്കബ് തോമസിന്റെ പ്രചാരണാര്‍ത്ഥം അയ്യങ്കാവ് ഗ്രൗണ്ടില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. 4.45 ന് എറണാകുളത്ത് ബിജെപി സ്ഥാനാര്‍ത്ഥി പത്മജ എസ് മേനോന്റെ പ്രചാരണാര്‍ത്ഥം റോഡ് ഷോയിലും പങ്കെടുത്ത് രാത്രിയോടെ ഡല്‍ഹിക്ക് മടങ്ങും.