രാഹുല്‍ മാങ്കൂട്ടത്തില്‍ വടി കൊടുത്ത് അടി വാങ്ങിയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍; 'പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടും രാഹുല്‍ പാര്‍ട്ടിയെയും ഇരയെയും മാധ്യമങ്ങളെയും വെല്ലുവിളിച്ചു'

പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതിയില്‍ രൂക്ഷമായി പ്രതികരിച്ച് കോണ്‍ഗ്രസ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ആരോപണത്തില്‍ അടിസ്ഥാനം ഉണ്ടെന്ന് കണ്ടാണ് രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തതെന്ന് കോണ്‍ഗ്രസ് എംപി പറഞ്ഞു. രാഹുല്‍ വടി കൊടുത്ത് അടി വാങ്ങിയെന്ന് പറഞ്ഞ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടും രാഹുല്‍ പാര്‍ട്ടിയെയും ഇരയെയും മാധ്യമങ്ങളെയും വെല്ലുവിളിച്ചുവെന്നും പറഞ്ഞു. പി ആര്‍ ഏജന്‍സിയെ ഉപയോഗിച്ച് കോണ്‍ഗ്രസ് നേതാക്കളെ വരെ രാഹുല്‍ മാങ്കൂട്ടത്തില്‍ ആക്രമിച്ചുവെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചൂണ്ടിക്കാട്ടി.

രാഹുലിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി എടുത്ത തീരുമാനം ശരിയായിരുന്നുവെന്ന് പറഞ്ഞ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പാര്‍ട്ടിയെ രാഹുല്‍ മാങ്കൂട്ടത്തില്‍ വെല്ലു വിളിച്ചെന്ന് പറയാനും മടിച്ചില്ല. പ്രസവിച്ച അമ്മയെ തല്ലിയാല്‍ രണ്ട് അഭിപ്രായം വരാന്‍ പാടില്ല എന്നും പാര്‍ട്ടി നടപടിയെ വിമര്‍ശിച്ച നേതാക്കളെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഓര്‍മ്മിപ്പിച്ചു. കെപിസിസി മുന്‍ അധ്യക്ഷന്‍ കെ സുധാകരനെതിരെയായിരുന്നു ആ വാക്കുകള്‍. കെ സുധാകരന്‍ വാക്ക് മാറ്റി പറയുന്ന ആളാണെന്നും അതിനാലാണ് കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് അദ്ദേഹത്തിനെ മാറ്റിയതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചൂണ്ടിക്കാട്ടി. രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിക്കുന്നവരെ കോണ്‍ഗ്രസ് ആയി കാണാന്‍ തനിക്ക് കഴിയില്ലെന്നും ഉണ്ണിത്താന്‍ നിലപാട് വ്യക്തമാക്കി.

Read more

ഇരയെ പുറത്ത് എത്തിച്ചത് രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമം നിയമത്തിന്റെ വഴിക്ക് പോകണം. വലിയ രാഷ്ട്രീയ ഭാവി ഉണ്ടായിരുന്ന ചെറുപ്പക്കാരന്‍ സ്വയം അതില്ലാതാക്കിയെന്നും ഒരിക്കലും രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരാന്‍ സാധിക്കാത്ത രീതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ മാറി കഴിഞ്ഞുവെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. നാറിയവനെ ചുമന്നാല്‍ ചുമന്നവനും നാറുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.