നുണകളാല്‍ കെട്ടിപ്പെടുത്ത കേരളത്തിലെ ആരോഗ്യ രംഗം തകര്‍ന്നു വീഴുകയാണ്. കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം നിലംപതിച്ച് ഒരാള്‍ മരണപ്പെട്ടത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.
അപകടമുണ്ടായപ്പോള്‍ ഉപയോഗമില്ലാത്ത കെട്ടിടമാണ് തകര്‍ന്നതെന്ന് പറഞ്ഞ് തടിതപ്പാനായിരുന്നു സര്‍ക്കാരിന്റെ ശ്രമം. അങ്ങനെയെങ്കില്‍ ഒരാള്‍ മരണപ്പെട്ടതില്‍ സര്‍ക്കാര്‍ മറുപടി പറയണം. ആശുപത്രികളില്‍ എത്തുന്ന രോഗികളുടെ സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. അപകട ഭീഷണിയുള്ള കെട്ടിടമാണെങ്കില്‍ തന്നെ അവിടെ എത്തുന്ന ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും അങ്ങോട്ടുള്ള പ്രവേശനം തടയാനും എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.
കേരളത്തിലെ ആരോഗ്യ മേഖലയില്‍ നിന്നും ഉയര്‍ന്നു വരുന്ന വലിയ വീഴ്ചകളുടെ കാരണക്കാരിയായ സംസ്ഥാന ആരോഗ്യ മന്ത്രിയെ എത്രയും വേഗം ആ ചുമതലയില്‍ നിന്നും രാജി വെച്ച് ഒഴിവാക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്.
Read more
തീര്‍ത്തും നിരുത്തരവാദിത്തപരമായ സമീപനത്തിലൂടെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുന്ന ജനങ്ങളുടെ ജീവന് വെച്ച് പന്താടുകയാണ് സര്‍ക്കാര്‍. ഉപകരണങ്ങളില്ലാത്തതുകൊണ്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ മുടങ്ങുന്നതായി അടുത്തിടെ യൂറോളജി വിഭാഗം മേധാവി തന്നെ വെളിപ്പെടുത്തിയിരുന്നു. അവശ്യമരുന്നുകള്‍ പോലും ആശുപത്രികളില്‍ ലഭ്യമാകാത്ത സാഹചര്യമുണ്ട്. മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ആയുഷ്മാന്‍ ഭാരത് പോലുള്ള പദ്ധതികള്‍ നടപ്പാക്കുന്നില്ല. കാരുണ്യ പദ്ധതിയും അവതാളത്തിലാണ്. ഇത്തരത്തില്‍ എല്‍ഡിഎഫ് കൊട്ടിഘോഷിക്കുന്ന നമ്പര്‍ വണ്‍ ആരോഗ്യം എന്നത് ഊതിവീര്‍പ്പിച്ച ബലൂണ്‍ ആണെന്ന് ഓരോ സംഭവങ്ങളും അടിവരയിടുകയാണ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.







