തിരുവനന്തപുരത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി രാജീവ് ചന്ദ്രശേഖര്‍; ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍. തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. വൈകാതെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപനം നടക്കും. തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കാന്‍ ബിജെപി ദേശീയ നേതൃത്വം അറിയിച്ചിട്ടുണ്ട്.

നടി ശോഭന ബിജെപി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ തിരുവനന്തപുരത്തെ കോണ്‍ഗ്രസിന്റെ സിറ്റിംഗ് എംപി ശശി തരൂര്‍ വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരുന്നു. ശോഭനയുമായി താന്‍ ഫോണില്‍ ബന്ധപ്പെട്ടെന്നും താരം സ്ഥാനാര്‍ത്ഥിയാകില്ലെന്നും തരൂര്‍ വെളിപ്പെടുത്തിയിരുന്നു.

എല്‍ഡിഎഫിനായി സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനാണ് തിരുവനന്തപുരത്ത് നിന്ന് ജനവിധി തേടുക. കോണ്‍ഗ്രസില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും ശശി തരൂരിനാണ് സാധ്യത. ഇതോടെയായിരുന്നു തിരുവനന്തപുരത്ത് കേന്ദ്ര നേതാവിനെ തന്നെ മത്സരരംഗത്തിറക്കാന്‍ ബിജെപി തീരുമാനിച്ചത്.