മഴ: മൂന്ന് ജില്ലകളിലെ ചില താലൂക്കുകളില്‍ നാളെ അവധി

ഇടുക്കി ജില്ലയിലെ ദേവികുളം, പീരുമേട് താലൂക്കുകളിലെയും ഉടുമ്പന്‍ചോല താലൂക്കിലെ ബൈസണ്‍വാലി, ചിന്നക്കനാല്‍ പഞ്ചായത്തുകളിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കൂടാതെ ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും തിങ്കളാഴ്ച ജില്ലാകലക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റര്‍വ്യൂകള്‍ക്കും മാറ്റമില്ല.

കനത്തമഴയില്‍ വെള്ളക്കെട്ട് ഭീഷണി നേരിടുന്ന കുട്ടനാട് താലൂക്കിലും നാളെ (തിങ്കളാഴ്ച) അവധിയായിരിക്കും. താലൂക്കില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

ആലപ്പുഴ ജില്ലയിലെ മറ്റു താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നയിടങ്ങള്‍ക്കും തിങ്കളാഴ്ച അവധിയായിരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.