കൊച്ചിയിൽ കഴിഞ്ഞ ദിവസം പെയ്ത കനത്ത വേനൽ മഴയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ നാശനഷ്ടങ്ങൾക്ക് കാരണമായി. പലയിടത്തും വൈദ്യുതി തടസപ്പെടുകയും വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
അങ്കമാലി, മൂവാറ്റുപുഴ മേഖലകളിൽ കനത്ത കൃഷിനാശം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റബർ, കൊക്കോ, ജാതി തുടങ്ങിയ ഫലവൃക്ഷങ്ങളും പച്ചക്കറി കൃഷികളും വ്യാപകമായി നശിച്ചു. മൂവാറ്റുപുഴ മേഖലയിൽ മാത്രം ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ട്. നാശനഷ്ടങ്ങൾ കണക്കാക്കാൻ റെവന്യൂ അധികൃതർ പരിശോധന നടത്തും.
Read more
കാറ്റിലും മഴയിലും പെട്ട് ജില്ലയിൽ പലയിടത്തും മരങ്ങൾ ഒടിഞ്ഞു വീണു. ആലുവ എടക്കാട്ടിൽ ക്ഷേത്രമുറ്റത്ത് നിന്നിരുന്ന 200 വർഷത്തോളം പഴക്കമുള്ള ആൽമരം കെട്ടിടത്തിന് മുകളിലേക്കും കാറിന് മുകളിലേക്കും മറിഞ്ഞുവീണു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വീടുകൾക്കും വാഹനങ്ങൾക്കും മുകളിലേക്ക് മരങ്ങൾ വീണ് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.







