'ഔദ്യോഗിക പരിപാടികളിൽ എംഎൽഎ എന്ന നിലയിൽ രാഹുലിനെ പങ്കെടുപ്പിക്കില്ല'; രാഹുൽ മാങ്കൂട്ടത്തിലിന് കോൺഗ്രസ് സംരക്ഷണം ഒരുക്കുന്നുവെന്ന് ബിജെപി

ഔദ്യോഗിക പരിപാടികളിൽ എംഎൽഎ എന്ന നിലയിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പങ്കെടുപ്പിക്കില്ലെന്ന് ബിജെപി. രാഹുൽ രാജി വെക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് ബിജിപി സംസ്ഥാന വൈസ് പ്രസിഡന്‍റ് സി കൃഷ്ണകുമാർ പറഞ്ഞു. അതേസമയം രാഹുൽ മാങ്കൂട്ടത്തിലിന് കോൺഗ്രസ് സംരക്ഷണം ഒരുക്കുന്നുവെന്നും സി കൃഷ്ണകുമാർ കുറ്റപ്പെടുത്തി.

കോൺഗ്രസിന്റേത് ഇരട്ടത്താപ്പാണെന്നും സി കൃഷ്ണകുമാർ കുറ്റപ്പെടുത്തി. പ്രാഥമിക അംഗത്തിൽ നിന്ന് പുറത്താക്കി എന്ന് പറയുന്നു. എന്നിട്ട് സംരക്ഷണം നൽകുന്നത് കോൺഗ്രസ് നേതാക്കൾ തന്നെയാണ്. രാഹുൽ ഏറ്റവും ഗതികെട്ട എംഎൽഎ. സ്വന്തം മണ്ഡലത്തിൽ ഒളിച്ച് വരേണ്ടി വരുന്നു. തെറ്റ് ചെയ്തിട്ട് ഉണ്ടെന്ന് രാഹുലിനും ഉറപ്പ് ഉണ്ട്. ആരോപണങ്ങളെ രാഹുൽ നിഷേധിച്ചിട്ടില്ല. 38 ദിവസമായിട്ടും നിയമനടപടി പോലും സ്വീകരിച്ചിട്ടില്ല എന്നും കൃഷ്ണകുമാര്‍ പറയുന്നു.

അതേസമയം 38 ദിവസത്തിന് ശേഷം ഇന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട് എത്തുന്നത്. ലൈംഗികാരോപണങ്ങൾ നേരിട്ടതിനു പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷ സ്ഥാനം രാജിവയ്ക്കുകയും കോൺഗ്രസ് പാർലമെൻ്ററി പാർട്ടിയിൽ നിന്നും പുറത്താക്കപ്പെടുകയും ചെയ്‌ത ശേഷം ആദ്യമായാണ് രാഹുൽ പാലക്കാട് എത്തുന്നത്. കോൺഗ്രസ് മണ്ഡലം പ്രസിഡൻറായിരുന്ന സേവിയറിന്റെ സഹോദരന്റെ മരണത്തിനോട് അനുബന്ധിച്ചാണ് രാഹുൽ പാലക്കാട് എത്തിയത്.

Read more