'രാഹുൽ മാങ്കൂട്ടത്തിൽ കീഴടങ്ങണം, മാന്യത ഉണ്ടെങ്കിൽ രാജിവച്ച് പുറത്തു പോകണം'; മന്ത്രി വി ശിവൻകുട്ടി

ബലാത്സംഗ കേസിന് പിന്നാലെ ഒളിവിൽപോയ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ കീഴടങ്ങണമെന്ന് മന്ത്രി വി ശിവൻകുട്ടി. മാന്യത ഉണ്ടെങ്കിൽ രാജിവച്ച് പുറത്തു പോകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അതേസമയം രാഹുലിനെതിരായ കേസിൽ കോൺഗ്രസിനെയും മന്ത്രി പരിഹസിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ കഴിയുന്നത് എഐസിസി ആസ്ഥാനത്താണോ, കെപിസിസി ആസ്ഥാനത്താണോ, ഡിസിസി ഓഫീസിൽ ആണോ എന്നറിഞ്ഞാൽ മതിയെന്ന് മന്ത്രി പറഞ്ഞു.

അതിജീവിതയെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാൻ ആകില്ലെന്നും മന്ത്രി പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ ആർക്കെതിരെയും എന്തും വിളിച്ചു പറയാവുള്ള അവസ്ഥയാണുള്ളതെന്നും മന്ത്രി പറഞ്ഞു. അതേസമയം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും. തിരുവനന്തപുരം സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുക. ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തതിനു പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ കോടതിയെ സമീപിച്ചത്.

ആരോപണങ്ങള്‍ എല്ലാം നിഷേധിച്ചാണ് രാഹുല്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിരിക്കുന്നത്. അഭിഭാഷകനായ ശാസ്തമംഗലം അജിത് കുമാറാണ് രാഹുലിനുവേണ്ടി ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. പരാതിക്കാരിയായ യുവതിയുമായി ദീര്‍ഘകാലമായി സൗഹൃദമുണ്ടെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. യുവതി ആരോപിക്കുന്നതു പോലെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും ഗര്‍ഭഛിദ്രം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും രാഹുല്‍ ഹര്‍ജിയില്‍ പറയുന്നു.

അന്വേഷണവുമായി സഹകരിക്കുമെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം. ഇപ്പോഴത്തെ അറസ്റ്റ് നടപടികള്‍ക്കു പിന്നില്‍ രാഷ്ട്രീയനീക്കമുണ്ടെന്നും രാഹുല്‍ ഹര്‍ജിയില്‍ പറയുന്നു. അതേസമയം വ്യാഴാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയന് യുവതി നേരിട്ട് പരാതി നല്‍കിയത്. ക്രൂരമായ പീഡനമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയതെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന്, വെള്ളിയാഴ്ച രാവിലെ നെയ്യാറ്റിന്‍കര ജെഎഫ്സിഎം 7 കോടതിയില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. തിരുവനന്തപുരത്തെ ഒരു ഫ്ലാറ്റില്‍ വെച്ച് രണ്ടു തവണ ബലാത്സംഗം ചെയ്തു എന്നാണ് മൊഴിയില്‍ പറയുന്നത്.

Read more