രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനത്ത് നിന്നും പുറത്തേക്ക്? അയോഗ്യത നടപടിക്ക് നീക്കങ്ങൾ തുടങ്ങി; രാഹുലിന്റെ അറസ്റ്റ് വിവരങ്ങൾ സ്പീക്കറെ രേഖാമൂലം അറിയിച്ച് എസ്ഐടി

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനത്ത് നിന്നും പുറത്തേക്ക്. രാഹുലിന്റെ അറസ്റ്റ് വിവരങ്ങൾ സ്പീക്കറെ രേഖാമൂലം അറിയിച്ച് എസ്ഐടി. രാഹുലിനെ അയോഗ്യത നടപടിക്ക് നീക്കങ്ങൾ തുടങ്ങി. എംഎൽഎ സ്ഥാനം സ്വയം ഒഴിഞ്ഞില്ലെങ്കിൽ അംഗത്തെ പുറത്താക്കാൻ നിയമസഭയ്ക്ക് അധികാരം ഉണ്ട്. അതേസമയം എത്തിക്‌സ് കമ്മിറ്റിയ്ക്ക് അംഗങ്ങളുടെ പരാതി ലഭിക്കേണ്ടതുണ്ട്.

എസ്ഐടിയുടെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ അയോഗ്യതാ നടപടിക്ക് തുടക്കമായേക്കും. എസ്ഐടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമോപദേശം തേടിയ ശേഷമാകും അയോ​ഗ്യനാക്കാനുള്ള നടപടിയിലേക്ക് കടക്കുക. അംഗങ്ങൾക്കുണ്ടാകേണ്ട പൊതു പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി എത്തിക്‌സ് കമ്മിറ്റി നൽകുന്ന ശിപാർശ നിയമസഭ അംഗീകരിച്ചാൽ രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കാം.

അതിനിടെ ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പ്രതി സ്ഥിരം കുറ്റവാളിയാണെന്ന് അന്വേഷണസംഘം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. പ്രതി സ്ഥിരം കുറ്റവാളിയാണെന്നും പുറത്തിറങ്ങിയാല്‍ അതിജീവിതമാരെ ഭീഷണിപ്പെടുത്താനും അപായപ്പെടുത്താനും സാധ്യതയുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതി എംഎല്‍എ ആയതിനാല്‍ തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. പ്രതി അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ഫോണിന്റെ ലോക്ക് അടക്കം കൈമാറാന്‍ വിസമ്മതിച്ചതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.