'ഞാന്‍ എപ്പോഴും അതിജീവിതയ്‌ക്കൊപ്പമാണ്, പരാതി വൈകിയെന്നതിലാണ് ദേഷ്യമുള്ളത്'; ഇപ്പോള്‍ എന്തിന് മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയെന്ന ചോദ്യം, പിന്നീട് വിശദീകരണവുമായി ആര്‍ ശ്രീലേഖ

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ യുവതി പരാതി നല്‍കാന്‍ വൈകിയതിനെ വിമര്‍ശിച്ച ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരണവുമായി മുന്‍ ഡിജിപിയും ബിജെപി തിരുവനന്തപുരം കോര്‍പ്പറേഷന്‍ സ്ഥാനാര്‍ത്ഥിയുമായ ആര്‍ ശ്രീലേഖ. താന്‍ എപ്പോഴും അതിജീവിതയ്ക്കൊപ്പം തന്നെയാണെന്നും പരാതി വൈകിയതിലുള്ള ദേഷ്യമാണ് ചുരുങ്ങിയ വാക്കുകളില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രകടിപ്പിച്ചതെന്നുമാണ് ശ്രീലേഖയുടെ വിശദീകരണം. ഇത്രനാള്‍ എന്തുകൊണ്ട് കേസ് എടുത്തില്ല, ഇപ്പോള്‍ എന്തിനു നേരിട്ട് മുഖ്യമന്ത്രിക്കു പരാതി നല്‍കിയെന്നും പ്രതിക്ക് ഫോണും ഓഫാക്കി മുങ്ങാനുള്ള, മുന്‍കൂര്‍ ജാമ്യാപേക്ഷ നേടാനുള്ള അവസരത്തിനോ എന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അവര്‍ ചോദിച്ചിരുന്നു.

അതേപോലെ തന്നെ ശബരിമല വിഷയവും ആര്‍ ശ്രീലേഖ ഈ സമയത്തെ കേസുമായി ബന്ധപ്പെടുത്തി ഉന്നയിച്ചു. ശബരിമലയില്‍ സ്വര്‍ണക്കൊള്ളയില്‍ വമ്പന്മാരായ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാതിരിക്കാനോ എന്ന ചോദ്യമാണ് അവര്‍ ഉയര്‍ത്തിയത്. ഞാനൊരമ്മയാണ്, മുന്‍ പൊലീസുദ്യോഗസ്ഥയാണ്…ഇരകളെ സംരക്ഷിക്കുക എന്നതില്‍ കാലതാമസമോ വീഴ്ചയോ വരാന്‍ പാടില്ല എന്ന് ദൃഢമായി വിശ്വസിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

Read more

‘ഞാന്‍ എപ്പോഴും അതിജീവിതയ്‌ക്കൊപ്പമാണ്, സ്ത്രീകള്‍ക്കൊപ്പമാണ്. പരാതി വൈകിയെന്നതിലാണ് ദേഷ്യമുള്ളത്. പൊലീസ് എന്തുകൊണ്ട് സ്വമേധയ കേസ് എടുത്തില്ല. അതിനെതിരെയാണ് ഞാന്‍ സംസാരിച്ചത്. ഇരക്കൊപ്പമല്ലെന്ന തെറ്റായ വ്യാഖ്യാനം വന്നപ്പോള്‍ തന്നെ പോസ്റ്റ് തിരുത്തി. മുഖ്യമന്ത്രിക്ക് പരാതി കൊടുക്കുന്നത് വരെ കാത്തിരിക്കേണ്ട ആവശ്യം ഇല്ലായിരുന്നു.ഇപ്പോഴെങ്കിലും പരാതി കൊടുത്തല്ലോ. തിരഞ്ഞെടുപ്പ് കാലത്ത് ഇത്തരം ഒരു നടപടി ശരിയായില്ല. വളരെ നേരത്തെ തന്നെ കേസെടുക്കാമായിരുന്നു.പ്രതിയെ സംരക്ഷിക്കാന്‍ കാലതാമസം വഴി വച്ചു. സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം കൃത്യമായി നടക്കുമ്പോള്‍ ഈ പരാതി വന്നതില്‍ ആശങ്ക ഉണ്ട്. ശബരിമല അന്വേഷണം നല്ല രീതിയില്‍ നടക്കണം’