'കൈ' വിട്ടു രശ്മി 'താമര'യ്‌ക്കൊപ്പം; കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കൊട്ടാരക്കരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി- ഇക്കുറി ഇനി ബിജെപി?; ആര്‍ രശ്മി രാജീവ് ചന്ദ്രശേഖറില്‍ നിന്ന് അംഗത്വം സ്വീകരിച്ചു

മഹിളാ കോണ്‍ഗ്രസ് നേതാവും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊട്ടാരക്കര മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുമായിരുന്ന ആര്‍ രശ്മി ബിജെപി അംഗത്വം സ്വീകരിച്ചു. മാരാര്‍ജി ഭവനില്‍ നടന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് രശ്മി അംഗത്വം സ്വീകരിച്ചത്. സിപിഎമ്മില്‍ നിന്ന് മുന്‍ കൊട്ടാരക്കരഎംഎല്‍എ അയിഷ പോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെയാണ് രശ്മി കോണ്‍ഗ്രസുമായി ഇടഞ്ഞത്. പലകുറി എംഎല്‍എ ആയ അയിഷ പോറ്റിയ്ക്ക് ഇക്കുറി കൊട്ടാരക്കര സീറ്റ് യുഡിഎഫ് കൊടുക്കുമെന്ന് ഉറപ്പായതോടെയാണ് ര്ശ്മി കളം മാറ്റി ചവിട്ടിയത്.

2021ല്‍ കൊട്ടാരക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുള്ള രശ്മി ഇക്കുറിയും സീറ്റ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായാണ് അയിഷ പോറ്റി കോണ്‍ഗ്രസിലെത്തിയത്. ഇതോടെ രശ്മി രണ്ട് നിബന്ധനകള്‍ കോണ്‍ഗ്രസ് നേതൃത്വത്തിനു മുന്നില്‍ വച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഉണ്ടായ സാമ്പത്തിക ബാധ്യത പാര്‍ട്ടി തീര്‍ക്കണമെന്നും യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ബോര്‍ഡ് കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ ഏതെങ്കിലുമൊന്ന് നല്‍കണമെന്നുമായിരുന്നു രശ്മിയുടെ ആവശ്യം.

Read more

കോണ്‍ഗ്രസ് നേതൃത്വം ഈ ആവശ്യങ്ങള്‍ അംഗീകരിക്കാതിരുന്നതോടെയാണ് രശ്മി പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചത്. ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന രശ്മി 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ.എന്‍. ബാലഗോപാലിനെതിരെയാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച് തോറ്റത്. ഇക്കുറി കൊട്ടാരക്കരയില്‍ ബിജെപി സ്ഥാനാര്‍ത്ഥിത്വം വാഗ്ദാനം ചെയ്തിട്ടാണോ മഹാള കോണ്‍ഗ്രസ് നേതാവ് ബിജെപി അംഗത്വമെടുത്തതെന്ന സംശയവുമുണ്ട്.