ആറ് പതിറ്റാണ്ട് നീണ്ട് നിന്ന സിപിഎം ബന്ധം ഉപേക്ഷിച്ച് സ്വതന്ത്രനായി അമ്പലപ്പുഴയില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച കമ്മ്യൂണിസ്റ്റ് നേതാവ് ജി സുധാകരനെതിരെ പ്രതിഷേധവുമായി സിപിഎം. വര്‍ഗ വഞ്ചകനെന്ന് വിളിച്ച് സിപിഎം ഏരിയ കമ്മിറ്റി ഓഫീസുകളിലും പ്രധാന ഇടങ്ങളിലും മുന്‍മന്ത്രി കൂടിയായ ജി സുധാകരന്റെ വീടിന് മുന്നിലുമെല്ലാം സിപിഎം പ്രവര്‍ത്തകര്‍ ബാന്നറുകളും പോസ്റ്ററുകളും ഒട്ടിച്ചു. പ്രതിഷേധം കണക്കിലെടുത്ത് ജി സുധാകരന്റെ വീടിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. പുന്നപ്ര പൊലീസിനാണ് സുരക്ഷാ ചുമതല.
സുധാകരന്റെ വീടിനു സമീപം സ്ഥാപിച്ച പ്രതിഷേധ ബാനറില്‍ ‘കുലം കുത്തികളെ കാലം വര്‍ഗ വഞ്ചകന്’ എന്ന് വിളിക്കും എന്നാണ് ഉള്ളത്. ഭഗവതിക്കല്‍ സഖാക്കള്‍ എന്ന പേരിലാണ് ബാനര്‍ സ്ഥാപിച്ചിരിക്കുന്നത്. സൈബര്‍ ഇടങ്ങളിലും സുധാകരനെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നുണ്ട്. അമ്പലപ്പുഴയില്‍ മത്സരിക്കുമെന്ന് വാര്‍ത്തസമ്മേളനത്തിലൂടെ ജി സുധാകരന് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം അദ്ദേഹത്തിന്റെ പറവൂര്‍ കിഴക്ക് നവനീതം വീടിന്റെ സമീപത്തെ വീടിന്റെ മതിലില്‍ ഉള്‍പ്പെടെ സുധാകരനെതിരെ പോസ്റ്റര്‍ പതിഞ്ഞു.
‘രക്ത സാക്ഷികള്‍ സിന്ദാബാദ്, വര്‍ഗവഞ്ചകനു മാപ്പില്ല, വോട്ടില്ല, സിപിഎം’ എന്നാണ് പോസ്റ്ററിലെ വരികള്‍. സിപിഎം ഏരിയ കമ്മിറ്റി ഓഫിസിന്റെ ചുമരിലും പുന്നപ്രയിലെ വിവിധ പ്രദേശങ്ങളിലും അന്തരിച്ച സിപിഎം നേതാവും മുന്‍മുഖ്യമന്ത്രിയുമായ വി.എസ്.അച്യുതാനന്ദന്റെ വേലിക്കകത്ത് വീടിനു പരിസരത്തെ വീടുകളുടെ മതിലിലും പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. സുധാകരനെ വര്‍ഗവഞ്ചകനെന്നു വിളിച്ചുള്ള പോസ്റ്ററുകള്‍ പാര്‍ട്ടിയുടെ അറിവോടെയല്ലെന്നു സിപിഎം ജില്ലാ സെക്രട്ടറി ആര്.നാസര്‍ പറഞ്ഞു.
Read more
സുധാകരന്റെ നിലപാട് ഉണ്ടാക്കിയ ബുദ്ധിമുട്ടില്‍ ആരെങ്കിലും ചെയ്തതാകാമെന്നാണ് ജില്ലാ സെക്രട്ടറിയുടെ പ്രതികരണം. പോസ്റ്റര്‍ ഒട്ടിച്ചതു തെറ്റാണെന്നും നാസര്‍ പറഞ്ഞു. അമ്പലപ്പുഴ ഏരിയ കമ്മിറ്റിക്കു കീഴിലെ എല്ലാ ലോക്കല്‍ കമ്മിറ്റികളും അടിയന്തരമായി ഇന്നലെ വിളിച്ചുചേര്‍ത്തു സുധാകരന്റെ സ്ഥാനാര്‍ഥിത്വം ചര്‍ച്ച ചെയ്തു. നാളെ വൈകിട്ട് പറവൂരില്‍ പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ കീഴില്‍ റാലിയും പൊതുസമ്മേളനവും നടത്താന്‍ തീരുമാനിച്ചു. റാലിയിലും സമ്മേളനത്തിലും പരമാവധി പാര്‍ട്ടി പ്രവര്‍ത്തകരെയും അനുഭാവികളെയും പങ്കെടുപ്പിക്കാനാണ് ഏരിയ നേതൃത്വത്തിന്റെ ശ്രമം.







