ഉത്തർപ്രദേശിൽ ഡിജെ സംഗീതം കേട്ട് അടുത്തുള്ള ഒരു കോഴി ഫാമിൽ 140 കോഴികൾ ചത്തു. ഏപ്രിൽ 25ന് ദരിയപൂർ ഗ്രാമത്തിൽ ഉയർന്ന ശബ്ദത്തിലുള്ള ഡിജെ സംഗീതത്തോടെ വിവാഹഘോഷയാത്ര കടന്നുപോയപ്പോഴാണ് സംഭവം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിശദമാക്കുന്നത്.
ഘോഷയാത്രയിലുണ്ടായിരുന്ന കവി യാദവ് എന്ന ഡിജെ ഓപ്പറേറ്റർ, സഹിക്കാൻ പറ്റാത്ത അത്ര ഉച്ചത്തിൽ പാട്ടുവെച്ചെന്നും, ഇതിന്റെ ശബ്ദവും പ്രകമ്പനവും ആ പ്രദേശം മുഴുവൻ നിറഞ്ഞു നിന്നെന്നും നാട്ടുകാർ പ്രാദേശിക മാധ്യമങ്ങളോട് പറയുന്നത്.
കാതടപ്പിക്കുന്ന ശബ്ദം പക്ഷികളിൽ പരിഭ്രാന്തി സൃഷ്ടിച്ചുവെന്നും കോഴികൾ പേടിച്ചു കൂട്ടത്തോടെ ചിതറിയോടുകയും മിനിറ്റുകൾക്കകം 140 എണ്ണം ചത്തുവീഴുകയുമായിരുന്നുവെന്നുമാണ് ഫാമിന്റെ ഉടമയായ സബീർ അലി വിശദമാക്കുന്നത്.
Read more
കുദ്വാർ പ്രദേശത്തെ പാർസിപൂർ നിവാസിയായ കവി യാദവ് എന്ന ഡിജെ ഓപ്പറേറ്ററിനെതിരെ സബ് ഇൻസ്പെക്ടർ ഭരത് സിംഗ് കേസ് രജിസ്റ്റർ ചെയ്തു. ഉച്ചത്തിലുള്ള ശബ്ദം തന്നെയാണോ മരണത്തിന് പ്രധാന കാരണം അതോ മറ്റെന്തെങ്കിലും കാരണമാണോ എന്നും അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.







