രണ്ടു മുന്നണികളും മാറി മാറി ഭരിക്കുന്നതാണ് കേരളത്തിന് നല്ലതെന്ന നിലപാടിൽ താൻ ഉറച്ചു നിൽക്കുന്നുവെന്ന് കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ സച്ചിദാനന്ദൻ. പ്രതിപക്ഷത്തിരിക്കാൻ ഭരണപക്ഷം മറന്നു പോകരുതെന്നും അദ്ദേഹം പറഞ്ഞു.
പലപ്പോഴും ജനഹിതം പ്രകടിപ്പിക്കുന്നത് പ്രതിപക്ഷമാണ്. ജനങ്ങളുടെ അസംതൃപതിയും എതിർപ്പുകൾ പ്രതിഫലിപ്പിക്കുന്നതും അവരാണ്. ഏത് ജനാധിപത്യത്തിലും ശക്തമായ പ്രതിപക്ഷം ഉണ്ടാകുക എന്നത് പ്രധാനമാണ്.
ജയം തോൽവി എന്നതാകരുത് പാർട്ടികളുടെ ആത്യന്തിക ലക്ഷ്യം. അടിത്തട്ടിലുള്ള ജനങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കുന്നതാകണം ജനാധിപത്യം. ഇതുവരെ കാണാത്ത, കേൾക്കാത്ത ശബ്ദം കേൾക്കുമ്പോഴാണ് അതിന്റെതായ അർഥത്തിൽ ജനാധിപത്യം സ്വാർഥകമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.







