'പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്തും, ബാക്കി ജനം തീരുമാനിക്കട്ടെ'; സ്ഥലവും സമയവും തീരുമാനിക്കാന്‍ മുഖ്യമന്ത്രിയോട് സതീശന്‍; സംവാദത്തിന് ഏറ്റവും നല്ല വേദി നിയമസഭ, അവിടെ നിന്ന് ഒളിച്ചോടിയവരുടേതാണ് വെല്ലുവിളിയെന്ന് പിണറായി

പരസ്പരം സംവാദത്തിന് വെല്ലുവിളിച്ചും വെല്ലുവിളി ഏറ്റെടുത്തും മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും. കഴിഞ്ഞ കുറേക്കാലമായി സംവാദത്തിന് വെല്ലുവിളിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് ഇനി സംവാദമായാലോ എന്ന് തലക്കെട്ടോടെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ റിപ്പോര്‍്ട്ട് കാര്‍ഡും പങ്കുവെച്ചാണ് മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്കിലൂടെയുള്ള വെല്ലുവിളി. പിന്നാലെ മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് എത്താമെന്ന് അറിയിച്ച് പ്രതിപക്ഷ നേതാവും ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടു.

‘സംവാദത്തിന് തയ്യാര്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞ സ്ഥിതിക്ക് സ്ഥലവും സമയവും കൂടി അദ്ദേഹത്തിന് തീരുമാനിക്കാമെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്തുമെന്നും വി ഡി സതീശന്‍ ഉടനടി മറുപടി നല്‍കി. ബാക്കി ജനം തീരുമാനിക്കട്ടെ’ എന്നാണ് സതീശന്‍ കുറിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളില്‍ സംവാദത്തിനു തയ്യാറാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ നേരത്തത്തെ എഫ്ബി പോസ്റ്റ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വെല്ലുവിളി ഏറ്റെടുത്തായിരുന്നു മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

സംവാദത്തിനുള്ള ക്ഷണമെല്ലാം സ്വീകരിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട ശേഷം സംവാദത്തിന് ഏറ്റവും നല്ല വേദി നിയമസഭയായിരുന്നുവെന്നും അവിടെ നിന്ന് ഒളിച്ചോടിയവരാണ് വെല്ലുവിളിക്കുന്നതെന്നും മുഖ്യമന്ത്രി പിന്നീട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സഭാ തലത്തില്‍ പറഞ്ഞാല്‍ പറഞ്ഞതിന് മറുപടി കിട്ടും. ആ മറുപടി താങ്ങാന്‍ അവര്‍ക്ക് കഴിയില്ലെന്നും അതുകൊണ്ടാണ് ഒളിച്ചോടിയതെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

‘സര്‍ക്കാരിനെ കുറിച്ച് വിമര്‍ശനങ്ങള്‍ ഉണ്ടെങ്കില്‍ അതുന്നയിക്കാനുള്ള അവസരമായിരുന്നു നിയമസഭയിലെ ചര്‍ച്ചകള്‍. എന്നാല്‍ പ്രതിപക്ഷം ഇതിലൊന്നും പങ്കെടുത്തില്ല. മന്ത്രിമാര്‍ അഴിമതിയും മറ്റും നടത്തിയെങ്കിലും അതും സര്‍ക്കാരിന്റെ കൊള്ളരുതായ്മകളും ഒന്നും പ്രതിപക്ഷം ഉന്നയിച്ചില്ല. ഒരു അടിയന്തര പ്രമേയവും അവസാന സമ്മേളനത്തില്‍ കൊണ്ടുവന്നില്ല. സര്‍ക്കാരിനെ കുറ്റവിചാരണ നടത്താനുള്ള ഏറ്റവും നല്ല മാര്‍ഗം അവിശ്വാസ പ്രമേയമായിരുന്നു. സഭാ തലത്തില്‍ പറഞ്ഞാല്‍ പറഞ്ഞതിന് മറുപടി കിട്ടും. ആ മറുപടി താങ്ങാന്‍ അവര്‍ക്ക് കഴിയില്ല.

ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് പോലുള്ള ഒരു നുണയും അവിടെ പറയാന്‍ കഴിയില്ലെന്നും പറഞ്ഞാല്‍ നേരെ ചൊവ്വേ മറുപടി കിട്ടുമെന്നുള്ളതാണ് കാര്യമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതില്‍നിന്ന് ഒളിച്ചോടുന്നതാണ് കണ്ടതെന്നും പിണറായി പറഞ്ഞു. കേരളത്തിന്റെ വികസനത്തില്‍ പങ്കുവഹിച്ചു ആരോഗ്യകരമായ സമീപനം സ്വീകരിച്ചിട്ടുണ്ടോയെന്നും നമ്മുടെ നാടിന് അര്‍ഹതപ്പെട്ടത് കേന്ദ്രം നിഷേധിക്കുമ്പോള്‍ അതിനെ എതിര്‍ത്തോയെന്നും ആ കാര്യങ്ങളൊക്കെ പറയാന്‍ തയ്യാറുണ്ടെങ്കില്‍ സംവാദത്തിന് തയ്യാറാണെന്നുമാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

പത്ത് വര്‍ഷത്തിനുള്ളില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ വികസനങ്ങളുടെ കണക്കുകള്‍ നിരത്തിയാണ് സംവാദത്തിന് തയാറാണെന്ന് മുഖ്യമന്ത്രി എഫ്ബിയില്‍ അറിയിച്ചിരിക്കുന്നത്. പത്ത് വര്‍ഷത്തില്‍ സര്‍ക്കാര്‍ വികസനം നടപ്പിലാക്കിയ ഓരോ മേഖലയും തരം തിരിച്ച് അതിന് എ പ്ലസ് ഗ്രേഡും നല്‍കിയാണ് മുഖ്യമന്ത്രിയുടെ പോസ്റ്റ്.