'ഗവര്‍ണറുടേത് രാഷ്ട്രീയ തറവേല'; പ്രാദേശിക സംഘപരിവാര്‍ നേതാവിനെക്കാള്‍ തരംതാണുപോയെന്ന് എം.വി ജയരാജന്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എതിരെ വീണ്ടും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ഗവര്‍ണര്‍ പ്രാദേശിക് സംഘപരിവാര്‍ നേതാവിനെക്കാള്‍ തരംതാണുപോയി. അദ്ദേഹത്തിന്റേത് രാഷ്ട്രീയ തറവേലയാണെന്നും ഗവര്‍ണര്‍ ഇത്ര അധപതിക്കാന്‍ പാടില്ലെന്നും എം വി ജയരാജന്‍ പറഞ്ഞു.

സര്‍വകലാശാല ചാന്‍സലറും വൈസ് ചാന്‍സലര്‍മാരും തമ്മില്‍ സൗഹൃദാന്തരീക്ഷമാണ് വേണ്ടത്. പക്ഷേ ഗവര്‍ണര്‍ മുന്‍കാലങ്ങളിലെ ഗവര്‍ണര്‍മാരില്‍ നിന്നും വ്യത്യസ്തമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ഇത് തെറ്റായ നടപടിയാണ്. മുന്‍ ഗവര്‍ണര്‍ മെറിറ്റും നിയമവും നോക്കിയാണ് നിലിവലെ വിസിയെ നിയമിച്ചത്. നിയമാനുസൃതം നിയമിക്കപ്പെട്ട വിസിയെ അധിക്ഷേപിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

പുനര്‍നിയമനത്തിന് അനുമതി കൊടുത്തപ്പോള്‍ വി സിയുടെ യോഗ്യതകള്‍ ഇപ്പോഴത്തെ ഗവര്‍ണര്‍ പരിശോധിച്ചിരിക്കുമല്ലോ. അന്ന് ഒന്നും പറയാതെ ഇപ്പോള്‍ കൊള്ളരുതാത്തവന്‍ എന്ന് പറയുന്നത് ആശ്ചര്യജനകമാണ്. മറ്റാരോ പറയുന്നത് അനുസരിച്ചാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത്. ഗവര്‍ണര്‍ പദവിയിലിരുന്ന് രാഷ്ട്രീയം കളിക്കാന്‍ തുടങ്ങിയാല്‍ അത് ഭരണഘടനക്ക് എതിരാണ്.

കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പണി ഗവര്‍ണര്‍ അവര്‍ക്ക് വിട്ടു കൊടുക്കണം. എല്ലാ നിയമനങ്ങളും പരിശോധിക്കട്ടെയെന്നും എന്തെങ്കിലും തെറ്റായി നടന്നിട്ടുണ്ടെങ്കില്‍ ഗവര്‍ണര്‍ കൂടി അതിന് ഉത്തരവാദിയാണെന്നും എം വി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.