'ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള കേസുകളിലെ ഇരകൾക്കുള്ള നഷ്ടപരിഹാരം വൈകരുത്'; വിതരണം നടന്നില്ലെങ്കിൽ ട്രഷറി അക്കൗണ്ടിൽ നിന്ന് തുക നൽകണമെന്ന് ഹൈക്കോടതി

ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള കേസുകളിൽ ഇരകൾക്ക് നൽകേണ്ട നഷ്ടപരിഹാരം വൈകാൻ പാടില്ലെന്ന് ഹൈക്കോടതി. വിതരണം നടക്കാത്തപക്ഷം ട്രഷറി അക്കൗണ്ടിൽ നിന്ന് തുക നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു.

വിക്ടിം കോംപൻസേഷൻ സ്കീം പ്രകാരമുള്ള തുകകൾ സമയബന്ധിതമായി നൽകേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യത്തിൽ ധനകാര്യ സെക്രട്ടറി നേരിട്ട് ഹാജരായി വിശദീകരണം നൽകുകയും തുക വിതരണം സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്യണമെന്നും കോടതി നിർദേശിച്ചു. കേസ് ഈ മാസം 23ന് വീണ്ടും പരിഗണിക്കും.

മീഡിയേഷൻ സെന്ററുകളുമായി ബന്ധപ്പെട്ട വിഷയത്തിൽ സ്വമേധയാ എടുത്ത ഹർജിയിലാണ് ചീഫ് ജസ്റ്റിസ് സൗമെൻ സെനും ജസ്റ്റിസ് വിഎം ശ്യാംകുമാറും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഈ നിർദേശം നൽകിയത്.