പി വി അന്‍വര്‍ ഭൂപരിധി നിയമം ലംഘിച്ചു, 15 ഏക്കര്‍ ഭൂമി പിടിച്ചെടുക്കാമെന്ന് ലാന്‍ഡ് ബോര്‍ഡ്

പി വി അന്‍വര്‍ എം എല്‍ എ ഭൂപരിധി നിയമം ലംഘിച്ചതായി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് കണ്ടെത്തി. അന്‍വര്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന 15 ഏക്കര്‍ ഭൂമി മിച്ച ഭൂമിയായി സര്‍ക്കാരിന് ഏറ്റെടുക്കാമെന്നും ലാന്‍ഡ് ബോര്‍ഡിന്റെ റിപ്പോര്‍ട്ടിലുണ്ട്. ഭൂപരിധി ചട്ടങ്ങള്‍ മറികടക്കാന്‍ വേണ്ടിയാണ് പി വി ആര്‍ എന്റര്‍ടൈനേര്‍സ് എന്ന പേരില്‍ ഒരു പാട്ണര്‍ഷിപ്പ് സ്ഥാപനം തുടങ്ങിയതെന്നും ലാന്‍ഡ് ബോര്‍ഡ് കണ്ടെത്തി. ലാന്‍ഡ് ബോര്‍ഡ് ഓതറൈസ്ഡ് ഓഫീസറുടെ ഈ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും.

പി വി അന്‍വറിന്റെ ഭാര്യയുടെയപും പേരില്‍ സ്ഥാപനം രൂപീകരിച്ചതിലും ചട്ടലംഘനമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.പാര്‍ട്ണര്‍ഷിപ്പ് ആക്ടിലെയും സ്റ്റാമ്പ് ആക്റ്റിലെയും വ്യവസ്ഥകള്‍ക്ക് വിരുദ്ധമായാണ് അന്‍വറിന്റെയും ഭാര്യയുടെയും പേരില്‍ സ്ഥാപനം രൂപീകരിച്ചത്.

റിപ്പോര്‍ട്ടിന്മേല്‍ ആക്ഷേപം ഉണ്ടെങ്കില്‍ അറിയിക്കാന്‍ പി വി അന്‍വറിന് ഏഴു ദിവസത്തെ സാവകാശവും നല്‍കിയിട്ടുണ്ട്. അന്‍വറിനും കുടുംബാംഗങ്ങള്‍ക്കും കൈവശമുള്ള ഭൂമി സംബന്ധിച്ച തെളിവുകള്‍ ഹാജരാക്കാന്‍ അനുവദിച്ച സമയപരിധി ഇന്ന് അവസാനിച്ചിരുന്നു.പി.വി. അന്‍വര്‍ എംഎല്‍എ.യും കുടുംബവും സ്വന്തമാക്കിയ മിച്ചഭൂമി തിരിച്ചുപിടിക്കണമെന്ന ഹൈക്കോടതി കോടതി അലക്ഷ്യ കേസില്‍ ഉത്തരവുമുണ്ടായിരുന്നു.