നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും; നടപടി സംവിധായകന്റെ വെളിപ്പെടുത്തലില്‍

നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ പള്‍സര്‍ സുനിയെ ചോദ്യം ചെയ്യാന്‍ കോടതിയില്‍ അപേക്ഷ നല്‍കും.

പള്‍സര്‍ സുനിക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്നുമായിരുന്നു ബാലചന്ദ്രമേനോന്റെ വെളിപ്പെടുത്തല്‍. ഇതിനിടെ സുനില്‍കുമാറിന്റെ ഫോണ്‍സന്ദേശം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. സാക്ഷിയായ ജിന്‍സനുമായി സംസാരിക്കുന്ന ശബ്ദമാണ് പുറത്തു വന്നത്. സംവിധായകന്‍ ബാലചന്ദ്രകുമാറിനെ അറിയാമെന്ന് സുനില്‍കുമാര്‍ സംഭാഷണത്തില്‍ വ്യക്തമാക്കുന്നുമുണ്ട്.

അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന സംവിധായകന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ദിലീപ് അടക്കം ആറ് പേര്‍ക്കെതിരെ കേസെടുത്തിരുന്നു. ക്രൈം ബ്രാഞ്ചാണ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തത്. അന്വേഷണ ഉദ്യോഗസ്ഥരെ ലോറിയിടിപ്പിച്ച് കലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ വെളിപ്പെടുത്തിയത്.