പുതുവര്‍ഷ രാവില്‍ പ്രതിഷേധം; പയ്യാമ്പലം ബീച്ചില്‍ പാപ്പാഞ്ഞി മോഡലില്‍ ഗവര്‍ണറുടെ കോലം കത്തിച്ച് എസ്എഫ്‌ഐ

കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പാപ്പാഞ്ഞി മാതൃകയിലുള്ള കോലം കത്തിച്ച് എസ്എഫ്‌ഐ. ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ നടത്തിവന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് കോലം കത്തിക്കല്‍. പാപ്പാഞ്ഞിയുടെ മാതൃകയില്‍ 30 അടി ഉയരത്തില്‍ തീര്‍ത്ത കോലമാണ് ബീച്ചില്‍ എസ്എഫ്‌ഐയുടെ പ്രതിഷേധാഗ്നിയില്‍ കത്തിയമര്‍ന്നത്.

പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായി നിരവധി പേര്‍ എത്തുന്ന ബീച്ചിന്റെ ഒരു ഭാഗത്തായാണ് എസ്എഫ്‌ഐ പ്രതിഷേധം സംഘടിപ്പിച്ചത്. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീയുടെ നേതൃത്വത്തിലാണ് ഗവര്‍ണറുടെ കോലം കത്തിച്ചത്. കഴിഞ്ഞ കുറച്ച് നാളുകളായി ഗവര്‍ണര്‍ക്കെതിരെ വലിയ പ്രതിഷേധമാണ് എസ്എഫ്‌ഐ ഉയര്‍ത്തുന്നത്.

സര്‍വകലാശാല സെനറ്റിലേക്ക് സംഘപരിവാറുകാരെ തിരുകി കയറ്റാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്‌ഐ പ്രതിഷേധിക്കുന്നത്. നേരത്തെ കാലിക്കറ്റ് സര്‍വകലാശാലയിലും എസ്എഫ്‌ഐ ഗവര്‍ണര്‍ക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധം നടത്തിയിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരത്തും സമാനമായ പ്രതിഷേധവുമായി എസ്എഫ്‌ഐ രംഗത്തുണ്ടായിരുന്നു. അതേ സമയം പ്രതിഷേധം കണക്കിലെടുത്ത് പതിവ് റൂട്ട് മാറ്റിയാണ് ഗവര്‍ണര്‍ രാജ് ഭവനില്‍ നിന്ന് വിമാനത്താവളത്തിലേക്ക് പോയത്.