ബിഷപ്പ് ഫ്രാങ്കോയ്ക്ക് എതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാം; തെളിവുകള്‍ കോടതി വേണ്ട വിധത്തില്‍ പരിശോധിച്ചില്ലെന്ന് പൊലീസിന്റെ വിലയിരുത്തല്‍

ബലാത്സംഗ കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട വിധിക്കെതിരെ അപ്പീല്‍ നല്‍കാമെന്ന് പൊലീസിനു നിയമോപദേശം ലഭിച്ചു. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാമെന്ന നിയമോപദേശം കോട്ടയം ജില്ലാ പൊലീസ് മേധാവിക്കു കൈമാറി. കന്യാസ്ത്രീക്കു വേണ്ടി അഭിഭാഷകന്‍ ജോണ്‍ എസ് റാഫും കേസില്‍ അപ്പീല്‍ നല്‍കും.

പരാതിക്കാരിക്ക് അനുകൂലമായ തെളിവുകള്‍ കോടതി വേണ്ടവിധത്തില്‍ പരിശോധിച്ചില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നതില്‍ ഉടന്‍ തന്നെ പ്രോസിക്യൂഷന്‍ തീരുമാനമെടുക്കും. കുറവിലങ്ങാട്ടെ മഠത്തില്‍ എത്തി പൊലീസ് ഉദ്യോഗസ്ഥര്‍ പരാതിക്കാരിയുമായി സംസാരിച്ചിട്ടുണ്ട്.

കന്യാസ്ത്രീ നല്‍കിയ വിവിധ മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് വിധിയില്‍കോടതി പറയുന്നത്. ഉദ്യോഗസ്ഥരെ വിശ്വാസമില്ലാത്തതിനാലെന്ന വിശദീകരണം മുഖവിലയ്ക്ക് എടുക്കാനാകില്ലെന്നും കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.