ഏഷ്യാനെറ്റ് ന്യൂസിൽ സംപ്രേഷണം ചെയ്ത മഹാകുംഭമേളയെ കുറിച്ചുള്ള പരിപാടിയ്ക്കെതിരെ വിമർശനങ്ങൾ ഉയർന്നതോടെ ചാനലിന് താക്കീത് നൽകി ഉടമ രാജീവ് ചന്ദ്രശേഖർ. ചടങ്ങുകളെ പരിഹസിക്കുന്ന പരാമർശങ്ങൾ ഉണ്ടാകരുതെന്ന് എഡിറ്റോറിയൽ ടീമിന് നിർദേശം നൽകിയാതായി രാജീവ് ചന്ദ്രശേഖർ തന്നെ ഫേസ്‌ബുക്കിൽ കുറിച്ചു. ഒരു സമുദായത്തെയും അവഹേളിക്കാൻ പാടില്ലെന്ന അഭിപ്രായവും ഫേസ്ബുക്ക് പോസ്റ്റിലൂടെ രാജീവ് ചന്ദ്രശേഖർ പങ്കുവെച്ചു.
ഏതൊരു മതത്തിലെയും പോലെ, ഓരോ ഹിന്ദുവിനും അവരുടെ വിശ്വാസം പ്രധാനമാണ്. അത് ബഹുമാനിക്കപ്പെടണമെന്ന് കേരളമുൾപ്പടെ രാജ്യത്തുടനീളമുള്ള കോടിക്കണക്കിനുള്ള തങ്ങൾ ഹിന്ദുക്കൾ ആഗ്രഹിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്‌ബുക്ക് കുറിപ്പ്
മഹാകുംഭമേളയുമായി ബന്ധപ്പെട്ടൊരു പരിപാടി തങ്ങളെ വേദനിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഒട്ടേറെ മലയാളികൾ എനിക്ക് മെസേജ് അയച്ചിരുന്നു. പരിപാടി മഹാകുംഭമേളയെ പരിഹസിക്കും വിധമെന്ന് തങ്ങൾക്ക് തോന്നിയെന്നാണ് അവർ അറിയിച്ചത്. മഹാകുംഭമേളയിൽ പങ്കെടുത്ത കോടിക്കണക്കിന് വിശ്വാസികളിൽ എൻ്റെ കുടുംബവുമുണ്ടായിരുന്നു.
ഞാൻ ഇത് ഏഷ്യാനെറ്റ് ന്യൂസിൻ്റെ തലപ്പത്തുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ലക്ഷക്കണക്കിന് വിശ്വാസികൾ പങ്കെടുക്കുന്ന ഇത്തരമൊരു ചടങ്ങിനെക്കുറിച്ച് അശ്രദ്ധമായ പരിഹാസ പരാമർശങ്ങൾ ഉണ്ടാകരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഏതൊരു മതത്തിലെയും പോലെ, ഓരോ ഹിന്ദുവിനും അവരുടെ വിശ്വാസം പ്രധാനമാണ്. അത് ബഹുമാനിക്കപ്പെടണമെന്നും കേരളമുൾപ്പടെ രാജ്യത്തുടനീളമുള്ള കോടിക്കണക്കിന് ഞങ്ങൾ ഹിന്ദുക്കൾ ആഗ്രഹിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസിന്റെ എക്സിക്യൂട്ടീവ് എഡിറ്ററായ സിന്ധു സൂര്യകുമാർ അവതരിപ്പിക്കുന്ന കവർ സ്റ്റോറിയിൽ ആയിരുന്നു കുംഭമേളയെ കുറിച്ചുള്ള പരാമർശങ്ങൾ. പരിപാടി ഹിന്ദുക്കളെ അപമാനിക്കുന്നതാണെന്നാണ് വിമർശനങ്ങൾ ഉയരുന്നത്.