ബി.ജെ.പി അനുകൂല പ്രസ്താവന ഗൗരവതരം, ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാരെ കടന്നാക്രമിക്കാതെ, ബി.ജെ.പിയുടെ തനിനിറം തുറന്നു കാണിക്കണമെന്ന് സി.പി.എം

ക്രൈസ്തവ മതമേലധ്യക്ഷന്‍മാരുടെ മോദി-ബി.ജെ.പി അനുകൂല പ്രസ്താവനകള്‍ ഗൗരവതരമെന്ന് സിപിഎം. മതമേലധ്യക്ഷന്‍മാരെ കടന്നാക്രമിക്കാതെ, ബി.ജെ.പിയുടെ തനിനിറം തുറന്നു കാണിക്കണമെന്നാണ് പാര്‍ട്ടി നേതൃത്വത്തിലെ ധാരണ.

ഈസ്റ്റര്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം ബി.ജെ.പി നേതാക്കള്‍ പള്ളികള്‍ സന്ദര്‍ശിച്ചതും മതമേലധ്യക്ഷന്‍മാരുമായി ആശയവിനിമയം നടത്തിയതും അതീവ ഗൗരവത്തോടെയാണ് സി.പി.എം കാണുന്നത്. വാഗ്ദാനങ്ങള്‍ നല്‍കിയും ഭീഷണിപ്പെടുത്തിയും ചില മതമേലധ്യക്ഷന്‍മാരില്‍ സ്വാധീനം ചെലുത്താനായെങ്കിലും ക്രൈസ്തവജനവിഭാഗത്തില്‍ ബിജെപിക്ക് ഇപ്പോഴും കടന്നുകയറാനായിട്ടില്ലെന്നാണ് സി.പി.എം വിലയിരുത്തല്‍.

എന്നാല്‍ ബി.ജെ.പിയുടെ തന്ത്രങ്ങളെ പ്രതിരോധിക്കേണ്ടതുണ്ട്. ബി.ജെ.പി അവസരവാദ രാഷ്ട്രീയം കളിക്കുകയാണെന്നും അവരുടെ യഥാര്‍ഥ നിലപാട് ക്രൈസ്തവര്‍ക്ക് എതിരാണെന്നും പ്രചരിപ്പിക്കും. ചില മതമേലധ്യക്ഷന്‍മാരുടെ ബി.ജെ.പിയോടുള്ള മൃദുനിലപാടിന് ക്രൈസ്തവഭൂരിപക്ഷത്തിന്റെ പിന്തുണ ലഭിക്കാതിരിക്കാനാണ് സി.പി.എം ശ്രമം.

മോദി നല്ല നേതാവ് എന്നൊക്കെ പറയുന്ന അപൂര്‍വം ചില മെത്രാന്‍മാര്‍ ഉണ്ട്. അവര്‍ എന്തുപേടിച്ചാണ് ഇത് പറയുന്നത് എന്ന് എല്ലാവര്‍ക്കും അറിയാം. ഇവര്‍ പറയുന്ന പോലെ ക്രിസ്ത്യാനികളുടെ വോട്ട് കിട്ടും എന്ന് ആര്‍.എസ്.എസുകാര്‍ കരുതുന്നത് വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ ആയതുകൊണ്ടാണ്, സി.പി.എം പി.ബി അംഗം എം.എ.ബേബി ഫെയ്‌സ്ബുക്കിലൂടെ നിലപാട് വ്യക്തമാക്കി.