മാധ്യമപ്രവര്‍ത്തകയ്‌ക്ക് എതിരെ സദാചാര ഗുണ്ടായിസം: എം. രാധാകൃഷ്ണനെ പ്രസ്‌ക്ലബിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി

മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചു കയറി സദാചാര ഗുണ്ടായിസം നടത്തിയ മാധ്യമപ്രവര്‍ത്തകന്‍ എ.രാധാകൃഷ്ണനെ പ്രസ് ക്ലബ്ബിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. ഇന്ന് ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിന്റേതാണ് തീരുമാനം.

മാധ്യമ പ്രവര്‍ത്തകയുടെ പരാതിയെ കുറിച്ചു അന്വേഷിക്കാന്‍ പുതിയ അന്വേഷണ സമിതിയെയും പ്രസ് ക്ലബ് നിയോഗിച്ചിട്ടുണ്ട്. എം രാധാകൃഷ്ണനെ സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ചു രാജി വെച്ച ഭാരവാഹികളെ സസ്പെന്‍ഡ് ചെയ്യാനും തീരുമാനമായി.

നേരത്തെ തിരുവനന്തപുരം പ്രസ് ക്ലബ്ബ് സെക്രട്ടറി സ്ഥാനത്ത് നിന്നും രാധാകൃഷ്ണനെ പുറത്താക്കിയിരുന്നു. എന്നാല്‍ ഇതിനു ശേഷവും രാധാകൃഷ്ണനെതിരെ നടപടിയെടുക്കാന്‍ പ്രസ് ക്ലബ് തയ്യാറായിരുന്നില്ല. ഇതേത്തുടര്‍ന്ന് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ പ്രസ് ക്ലബ്ബിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചിരുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച് പ്രസ്‌ക്ലബ്ബ് അംഗത്വം ഉപേക്ഷിക്കുന്നതായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കറും വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം പ്രസ് ക്ലബ്ബ് പ്രസിഡന്റിന് നല്‍കിയ കത്തിലാണ് ബിആര്‍പി നിലപാട് വ്യക്തമാക്കിയത്.

മാധ്യമപ്രവര്‍ത്തകയുടെ സഹപ്രവര്‍ത്തകന്‍ വീട്ടിലെത്തിയതിനെ ചോദ്യം ചെയ്താണ് രാധാകൃഷ്ണനും സംഘവും ഏഴും എട്ടും വയസുള്ള രണ്ടു കുട്ടികളുമായി കഴിയുന്ന മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചു കയറുകയും ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്തത്. മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ യുവതിയുടെ ഭര്‍ത്താവ് വീട്ടിലില്ലാതിരുന്ന സമയത്തായിരുന്നു പ്രസ് ക്ലബ് സെക്രട്ടറിയും സംഘവുമെത്തിയത്.