ശബരിമല സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമുവിൻറെ ഹെലികോപ്റ്റർ ടയര്‍ പ്രമാടത്ത് കോൺക്രീറ്റിൽ താണുപോയതിൽ സുരക്ഷാ വീഴ്ച ഇല്ലെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ്. കേന്ദ്ര സർക്കാർ വിശദീകരണം ചോദിച്ചിട്ടില്ലെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. ഹെലികോപ്റ്റർ യാത്രയുടെ മേൽനോട്ടം വ്യോമസേനക്കായിരുന്നുവെന്നും ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.
ലാൻഡിംഗ് ഉൾപ്പെടെ ഭൗതിക സൗകര്യങ്ങൾ ഒരുകിയത് വ്യോമസേനയിലെ സാങ്കേതിക വിദഗ്‌ദരുടെ മേൽനോട്ടത്തിലാണെന്നും ആഭ്യന്തര വകുപ്പ് അറിയിച്ചു. സംഭവം രാഷ്ട്രപതി ഭവനോ കേന്ദ്രസർക്കാരോ സുരക്ഷാ വീഴ്ചയായി വിലയിരുത്തുകയോ ഇതേവരെ വിശദീകരണം ചോദിക്കുകയോ ചെയ്തിട്ടില്ലെന്നും പൊതുഭരണവകുപ്പും ഡിജിപിയും വ്യക്തമാക്കി.
ഇന്നലെ വൈകിട്ടാണ് പത്തനംതിട്ട പ്രമാടം ഇൻഡോർ സ്‌റ്റേഡിയത്തിൽ രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ ഇറക്കാൻ തീരുമാനിച്ചത്. രാത്രി പണി തുടങ്ങി രാവിലെയോടെയാണ് മൂന്ന് ഹെലികോപ്റ്റർ ഇറക്കാനുള്ള സ്ഥലം കോൺക്രീറ്റ് ചെയ്തത്. രാഷ്ട്രപതി വന്നിറങ്ങിയതിന് പിന്നാലെ ഹെലികോപ്റ്ററിന്റെ ടയറുകൾ കോൺക്രീറ്റിൽ പുതയുകയായിരുന്നു. രാഷ്ട്രപതി ഇറങ്ങി വാഹനത്തിൽ പമ്പയിലേക്ക് പോയതിന് പിന്നാലെ പൊലീസ് ഉദ്യോഗസ്‌ഥരും ഫയർഫോഴ്സും ചേർന്ന് ഹെലികോപ്റ്റർ തള്ളിനീക്കി. കോൺക്രീറ്റ് ഉറച്ചു പോകുന്ന സാഹചര്യം കണക്കിലെടുത്തായിരുന്നു തള്ളി മാറ്റിയത്.







