കെഎസ്ആര്‍ടിസി ആസ്തികളുടെ മൂല്യനിര്‍ണയം നടത്തണമെന്ന് ഹൈക്കോടതി; 'അന്വേഷണം സ്വകാര്യ ഏജന്‍സി വഴി മതി'

കെഎസ്ആര്‍ടിസിയുടെ ആസ്തി- ബാധ്യതകള്‍ വ്യക്തമാക്കുന്ന ബാലന്‍സ് ഷീറ്റ് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഉത്തരവ്. കെഎസ്ആര്‍ടിസിയുടെ ആസ്തികളുടെ മൂല്യനിര്‍ണയം നടത്തണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. സ്വകാര്യ ഏജന്‍സിയെ ഉപയോഗിച്ചു വേണം മൂല്യ നിര്‍ണയം നടത്താനെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. മൂല്യ നിര്‍ണയം നടത്തി ഒരുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം.

വായ്പയ്ക്കായി പണയം വെച്ചിട്ടുള്ള ആസ്തികളുടെ വിശദാംശങ്ങളടക്കം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കെഎസ്ആര്‍ടിസിയോട് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കെഎസ്ആര്‍ടിസി ജീവനക്കാരുടെ വായ്പ തിരിച്ചടവ് മുടങ്ങിയതോടെ സൊസൈറ്റി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.

കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ വിവിധ സൊസൈറ്റികളില്‍ നിന്നും വായ്പ എടുക്കുന്ന പതിവുണ്ട്. ഇതിന്റെ തിരിച്ചടവ് കെഎസ്ആര്‍ടിസി ശമ്പളത്തില്‍ നിന്ന് പിടിച്ച് സൊസൈറ്റിയിലേക്ക് അടക്കുകയാണ് പതിവ്. എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളായി ശമ്പള പ്രതിസന്ധിയെ തുടര്‍ന്ന് ഇത് ഉണ്ടായിട്ടില്ല. ഇതേത്തുടര്‍ന്ന് സൊസൈറ്റികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കെഎസ്ആര്‍ടിസി ആസ്തികള്‍ വെച്ച് വായ്പ എടുത്തതിന്റെ വിവരങ്ങളും ലഭ്യമാക്കണം. ആസ്തി എത്ര ബാധ്യത എത്ര എന്ന് വ്യക്തമാക്കുന്ന ബാലന്‍സ് ഷീറ്റ് തന്നെ തയ്യാറാക്കണം എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ വകുപ്പാക്കണമെന്ന ജീവനക്കാരുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ശമ്പളം വൈകുന്നതിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തീര്‍പ്പാക്കി.