പി.ജെ ജോസഫിനെ വിമര്‍ശിച്ച് കേരളാ കോണ്‍ഗ്രസ് മുഖപത്രം; മാണി പോയത് മുറിവുണങ്ങാത്ത മനസുമായി

കോണ്‍ഗ്രസിനേയും പി.ജെ ജോസഫിനെയും വിമര്‍ശിച്ച് കേരളാ കോണ്‍ഗ്രസ് മുഖപത്രം. ബാര്‍കോഴ വിവാദത്തില്‍ മുറിവുണങ്ങാത്ത മനസുമായാണ് കെ എം മാണി പോയതെന്ന് പത്രാധിപര്‍ ഡോ കുരിയാക്കോസ് കുമ്പളക്കുഴി എഴുതുന്നു.
മന്ത്രിസഭയില്‍ നിന്ന് ഒരുമിച്ച് രാജിവെയ്ക്കാമെന്ന നിര്‍ദ്ദേശം മാണി മുന്നോട്ട് വെച്ചെങ്കിലും പി.ജെ ജോസഫ് തയ്യാറായില്ലെന്നും ലേഖനത്തില്‍ പറയുന്നു.

ബാര്‍ കോഴ വിവാദം പൊട്ടിപ്പുറപ്പെട്ട 2014 ഒക്ടോബര്‍ 31ന് കെ.എം മാണി എന്ന രാഷ്ട്രീയ അതികായന്റെ കൊടിയിറക്കം തുടങ്ങിയെന്നും ലേഖനം എടുത്ത് പറയുന്നുണ്ട്. കേരളാ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ പല ശ്രമങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും നേതാവിനെ ലക്ഷ്യമിട്ടുള്ള നീക്കം ഇതാദ്യമായിരുന്നു. “ഇടയനെ അടിക്കുക ആടുകള്‍ ചിതറട്ടെ” എന്ന തന്ത്രമാണ് രാഷ്ട്രീയ എതിരാളികള്‍ പയറ്റിയത്.

ആ സമയത്ത് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയേയും ലേഖനത്തില്‍ പരോക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ബാര്‍ കോഴ വിവാദം സത്യവും മിഥ്യയും എന്ന പേരില്‍ കേരളാ കോണ്‍ഗ്രസ് പുറത്തിറക്കുന്ന പുസ്തകത്തിലെ ഒരധ്യായമാണ് പ്രതിച്ഛായയില്‍ ലേഖനമായി നല്‍കിയിരിക്കുന്നത്.